Connect with us

National

മമത നുണ പറയുകയാണ്; സമരത്തെയും കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നുവെന്ന് കൊല്ലപ്പെട്ട വനിത ഡോക്ടറുടെ അമ്മ

മകൾക്ക് നീതി ലഭിക്കുന്നത് വരെ ഞങ്ങൾ തെരുവിൽ സമരവുമായി ഉണ്ടാകും

Published

|

Last Updated

കൊൽക്കത്ത | കൊൽക്കത്തയിൽ ക്രൂര കൊലപാതകത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. മമത ബാനർജി നുണ പറയുകയാണെന്നും നഷ്ടപരിഹാരമായി പണം നൽകുന്നതിനെ കുറിച്ചാണ് മമത പറഞ്ഞതെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു.

നഷ്ടപരിഹാരമായി പണം കിട്ടും, അതുകൊണ്ട് മകളുടെ ഓർമ്മക്കായി എന്തെങ്കിലും നിർമ്മിക്കാനാണ് മമത പറഞ്ഞത്. എന്റെ മകൾക്ക് നീതി കിട്ടുമ്പോൾ ഞാൻ നിങ്ങളുടെ ഓഫീസിൽ വന്ന് നഷ്ടപരിഹാരം വാങ്ങാമെന്ന് അന്ന് മറുപടി നൽകിയെന്നും അമ്മ പറഞ്ഞു. ഞങ്ങളുടെ മകൾ ഇനി തിരിച്ചുവരില്ല പിന്നെ എന്തിന് ഞങ്ങൾ കള്ളം പറയണമെന്നും അവർ കൂട്ടിച്ചർത്തു.

എന്റെ മകളെ എങ്ങനെ കഴുത്തു ഞെരിച്ചു കൊന്ന് തെളിവുകൾ നശിപ്പിച്ചോ, അതുപോലെ മകൾക്ക് നീതി തേടിയുള്ള സമരത്തെയും കഴുത്തു ഞെരിച്ചു കൊല്ലാനാണ് മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുന്നതെന്നും ഡോക്ടറുടെ അമ്മ ആരോപിച്ചു. മകൾക്ക് നീതി ലഭിക്കുന്നത് വരെ ഞങ്ങൾ തെരുവിൽ സമരവുമായി ഉണ്ടാകുമെന്നും അമ്മ പറഞ്ഞു.

അതേസമയം പോലീസ് യുവതിയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്‌തെന്ന സംഭവം മുഖ്യമന്ത്രി മമത ബാനർജി നിഷേധിച്ചിരുന്നു.സർക്കാരിനെ മോശമാക്കാനുള്ള പ്രചാരണമാണ് അതെന്നായിരുന്നു മമത പറഞ്ഞത്. ഇതിനെതിരെയാണ് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പ്രതികരണവുമായി രംഗത്തു വന്നത്.

ഓഗസ്റ്റ് 9 നാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറായിരുന്ന യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം ഉണ്ടായത്. സംഭവത്തിൽ ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗ വിരുദ്ധ ബില്ലും പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയിരുന്നു. ബലാത്സംഗത്തിന് ഇരയായയാൾ മരിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ വ്യവകസ്ഥ ചെയ്യുന്ന ബില്ലാണ് പാസ്സാക്കിയത്.