National
മല്ലികാർജുൻ ഖാർഖെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച് മമത; ഇന്ത്യ സഖ്യം യോഗം അവസാനിച്ചു
മമതയുടെ പ്രഖ്യാപനം മല്ലികാർജുൻ ഖാർഖെ തള്ളി
ന്യൂഡൽഹി | കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. ന്യൂഡൽഹിയിൽ സമാപിച്ച ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് മമത സുപ്രധാന നീക്കം നടത്തിയത്.
അതേസമയം, മമതയുടെ പ്രഖ്യാപനം മല്ലികാർജുൻ ഖാർഖെ തള്ളി. ഇത്തരം ചർച്ചകൾക്ക് അർത്ഥമില്ലെന്ന് പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം നമ്മൾ ജയിക്കും പിന്നെ പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് ആലോചിക്കും. എംപിമാരുടെ എണ്ണം കൂട്ടുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
പാർലിമെന്റ് സുരക്ഷാ വീഴ്ച ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടതിന് പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 22ന് രാജ്യവ്യാപകമായി ഇന്ത്യ സഖ്യത്തിന്റെ പ്രകടനം നടത്താനും യോഗത്തിൽ തീരുമാനമായതായി മല്ലികാർജുൻ ഖാർഖെ പറഞ്ഞു. സഖ്യത്തിൽ ഉൾപ്പെട്ട എല്ലാ പാർട്ടികളും അവരവരുടെ മേഖലകളിൽ പ്രതിഷേധിക്കും. സീറ്റ് വിഭജനം വിഭജനം ഉൾപ്പെടെ വിഷയങ്ങളും യോഗത്തിൽ ചർച്ചയായതായാണ് വിവരം. സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
28 പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുത്തു. 2024 പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്.
#WATCH | Meeting of the INDIA Alliance begins, in Delhi.
(Source: AICC) pic.twitter.com/a1WKjhN61U
— ANI (@ANI) December 19, 2023
ഇന്ത്യ സഖ്യം ശക്തിപ്പെടുത്തുന്നതിനായി കോൺഗ്രസ് 5 അംഗ ദേശീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് മുൻ മുഖ്യമന്ത്രിമാർക്കും ഈ സമിതിയിൽ ഇടം നൽകിയിട്ടുണ്ട്. മുകൾ വാസ്‌നിക്കാണ് ഈ കമ്മിറ്റിയുടെ ചെയർമാൻ. അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരെ ഈ സമിതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം സഖ്യത്തിന്റെ പൊതു അജണ്ട തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് ഈ സമിതി അന്തിമരൂപം നൽകും.