National
മമത- പവാര്‍ നിര്‍ണായക കൂടിക്കാഴ്ച നാളെ മുംബൈയില്‍
ഇതിനായി മമത ബംഗാളില്‍ നിന്ന് പുറപ്പെട്ടു.
മുംബൈ | ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുന്നതിനായി നാളെ നിര്‍ണായക ചര്‍ച്ചകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും എന്‍ സി പി നേതാവ് ശരത് പവാറും നാളെ മുംബൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതിനായി മമത ബംഗാളില്‍ നിന്ന് പുറപ്പെട്ടു.
നാളെ ഉച്ച കഴിഞ്ഞ് മൂന്നിനാണ് മമത- പവാര്‍ കൂടിക്കാഴ്ച. അതിന് ശേഷം മമത വാര്‍ത്താ സമ്മേളനം നടത്തി വിശദാംശങ്ങള്‍ അറിയിക്കുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് അറിയിച്ചു. ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ചകള്‍ നടത്തും.
അതേസമയം, കോണ്‍ഗ്രസിനെ പുറത്താക്കി ബി ജെ പിക്കെതിരായ പ്രതിപക്ഷ നീക്കം അസാധ്യമാണെന്ന് എന്‍ സി പി മുതിര്‍ന്ന നേതാവ് കൂടിയായ നവാബ് മാലിക് പറഞ്ഞു. കോണ്‍ഗ്രസിന് പകരമായി പ്രധാന പ്രതിപക്ഷ സ്ഥാനത്തേക്ക് തൃണമൂല്‍ കടന്നുവരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്. ഈയടുത്ത് മേഘാലയയില്‍ അടക്കം കോണ്‍ഗ്രസ് എം എല്‍ എമാരെ സ്വന്തം പാളയത്തിലേക്ക് തൃണമൂല്‍ എത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി അവര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും കൊവിഡ് അനന്തര ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഇതിനാല്‍ സേനാ നേതാവ് സഞ്ജയ് റാവത്തുമായിട്ടായിരിക്കും മമതയുടെ കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ പര്യടനത്തിനാണ് മമത ബംഗാളില്‍ നിന്ന് പുറപ്പെട്ടത്. ഗോവയും അവര്‍ സന്ദര്‍ശിക്കും.