From the print
മാമി തിരോധാനം; ദുബൈ സന്ദർശനം അന്വേഷിക്കണമെന്ന് കുടുംബം
ദുബൈയിലേക്ക് പോയത് 300 കോടിയുടെ ഭൂമിയിടപാട് ഇടനിലക്കാരനായി
കോഴിക്കോട് | കാണാതായ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സുകാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ ദുബൈ യാത്രയും അനുബന്ധ കാര്യങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുയർത്തി കുടുംബം. മാമി ഇടപെട്ട അവസാന ഭൂമി ഇടപാടിനിടെയാണ് അദ്ദേഹം ദുബൈയിലേക്ക് പോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 21നാണ് മാമിയെ കാണാതായത്.
കാണാതാകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ദുബൈ യാത്ര. എന്നാൽ തിരിച്ചെത്തിയ മാമി അത്ര സന്തോഷവാനായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
300 കോടി രൂപയുടെ ഇടപാടിൽ അദ്ദേഹം ഇടനിലക്കാരനായിരുന്നുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
ഇടപാടിൽ തനിക്ക് 20 കോടി ലഭിക്കുമെന്ന് മാമി കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇടപാടിന്റെ അവസാനഘട്ടത്തിൽ വരെയെത്തിയിരുന്നു. എന്നാൽ, ഇതിനിടെ മാമിയെ കാണാതായി.
കാണാതായതിന് പിന്നാലെ ഈ ഇടപാട് പൂർത്തിയാകുകയും ചെയ്തു. ദുബൈയിലേക്ക് പോയ മാമി അവിടെ ആരോടെല്ലാം കൂടിക്കാഴ്ച നടത്തി, യാത്രയിൽ കൂടെ ആരൊക്കെ ഉണ്ടായിരുന്നു, മാമിയെ കാണാതായ ശേഷം ആ ഇടപാടിൽ ആരാണ് ഇടനിലക്കാരനായത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതുവരെ അന്വേഷണവിധേയമാക്കിയിട്ടില്ലെന്ന് കുടുംബം പറയുന്നു.
ഇക്കാര്യങ്ങളെല്ലാം പോലീസിനെ അറിയിച്ചെങ്കിലും അന്വേഷണം നടത്തിയില്ല. ബൈപാസിൽ ഐ എം എയുടെ പ്രൊജക്ടുമായാണ് മാമി അവസാനമായി ഇടപെട്ടതെന്നാണ് കുടുംബത്തിനുള്ള വിവരം. പ്രാഥമികമായി നടത്തേണ്ട കാര്യങ്ങൾ പോലും അന്വേഷണവിധേയമാക്കിയിട്ടില്ല.
ബിസിനസ്സുകാരിൽ നിന്നുൾപ്പെടെയുള്ള മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല.
ഭൂരിപക്ഷം പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയത് മൊബൈൽ ഫോൺ വഴിയാണെന്നും വിമർശമുയർന്നിരുന്നു.
എല്ലാ സംവിധാനങ്ങളിലും പരാതി നൽകിയിട്ടും പുരോഗതിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് മുമ്പ് പി വി അൻവർ എം എൽ എയുടെയും മലപ്പുറം മുൻ എസ് പി സുജിത് ദാസിന്റെയും ഫോൺ സംഭാഷണം പുറത്തുവന്നത്. എ ഡി ജി പി അജിത് കുമാർ ഉത്തരവിറക്കി രൂപവത്കരിച്ച അന്വേഷണ സംഘത്തിന്റെ തലവനായി നിശ്ചയിച്ചത് മലപ്പുറം എസ് പി. ടി ശശിധരനെയായിരുന്നു.
കോഴിക്കോട് നഗരത്തിലെ കേസന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയെ ഒഴിവാക്കി പകരം മലപ്പുറം എസ് പിയെ നിയമിച്ചതെന്തിനെന്ന ചോദ്യവും ഉയർന്നിരുന്നു. മലപ്പുറം എസ് പി. ടി ശശിധരൻ എ ഡി ജി പിയുടെ സ്വന്തം ആളാണെന്നാണ് ഫോൺ സംഭാഷണത്തിലുള്ളത്.
ഈ സാഹചര്യത്തിലാണ് മാമി തിരോധാനത്തിന്റെ അന്വേഷണത്തിലും ചില ഇടപെടലുകൾ നടന്നെന്ന് കുടുംബത്തിന് സംശയമുയർന്നത്.