Kerala
ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് വര്‍ഷം പീഡിപ്പിച്ചു; യുവാവ് പിടിയില്‍
ഭക്ഷണത്തില്‍ എം ഡി എം എ പോലുള്ള രാസലഹരികള്‍ കലര്‍ത്തി നല്‍കുകയായിരുന്നു

മലപ്പുറം | കോട്ടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2020 മുതല്‍ 2025 മാര്‍ച്ച് വരെ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും പ്രതിയും പരിചയത്തിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാള്‍ വശീകരിച്ചു. പിന്നീട് പലഘട്ടങ്ങളിലായി പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ എം ഡി എം എ പോലുള്ള രാസലഹരികള്‍ കലര്‍ത്തി നല്‍കി. പതിയെ പെണ്‍കുട്ടി ലഹരിക്കടിമയാകുകയും യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തി ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ആദ്യം ഡോക്ടര്‍മാരുടെ അടുത്തും പിന്നീട് ഡീഅഡിക്ഷന്‍ സെന്ററിലും എത്തിച്ചു. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തയായി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി താന്‍ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.