Kerala
എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
സിഐഎസ്എഫും എയര്‍പോര്‍ട്ട് സെക്യൂരിറ്റിയും നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്.
ഫയൽ ചിത്രം
കൊച്ചി | എയര്‍ ഇന്ത്യ വിമാനത്തില്‍ ബോബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശി ശുഹൈബാണ് അറസ്റ്റിലായത്. എയര്‍ ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും പറഞ്ഞ് ഇന്ന് രാവിലെയാണ് യുവാവിന്‍റെ ഫോണ്‍കോള്‍ വന്നത്. എയര്‍ ഇന്ത്യയുടെ മുബൈ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെയാണ് ശുഹൈബാണ് സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമാകുന്നത്.
ഇതേ വിമാനത്തില്‍ പോകാന്‍ ശുഹൈബും ടിക്കറ്റ് എടുത്തിരുന്നു.കൊച്ചി വിമാനത്താവളത്തില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം എത്തിയപ്പോഴാണ് ശുഹൈബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരാഴ്ച മുമ്പ് ശുഹൈബും കുടുംബവും ലണ്ടനില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിയത്.യാത്രക്കിടയില്‍ വിമാനത്തില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നും മകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടെന്നും മടക്ക യാത്രയുടെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാനും യുവാവ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എയര്‍ ഇന്ത്യ ഇതിന് തയ്യാറായില്ല. ഇതില്‍ പ്രകേപിതനായാണ് ശുഹൈബ് ഭീഷണി സന്ദേശം മുഴക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിഐഎസ്എഫും എയര്‍പോര്‍ട്ട് സെക്യൂരിറ്റിയും നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്.