Editors Pick
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് II ദൗത്യത്തിന് നാല് ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുത്തു
ഈ ബഹിരാകാശയാത്രികർ 42 ദിവസം ചന്ദ്രനുചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം അടുത്ത വർഷം ആദ്യം ഭൂമിയിൽ തിരിച്ചെത്തും
വാഷിംഗ്ടൺ | ആർട്ടെമിസ് II ചാന്ദ്ര ദൗത്യത്തിനായി നാസ നാല് ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുത്തു. ക്രിസ്റ്റീന എച്ച്. കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്/യുഎസ്എ), ജെറമി ഹെൻസൺ (മിഷൻ സ്പെഷ്യലിസ്റ്റ്/കാനഡ), വിക്ടർ ഗ്ലോവർ (പൈലറ്റ്/യുഎസ്എ), ലീ വൈസ്മാൻ (കമാൻഡർ/ യുഎസ്എ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ ബഹിരാകാശയാത്രികർ ചന്ദ്രനുചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം അടുത്ത വർഷം ആദ്യം ഭൂമിയിൽ തിരിച്ചെത്തും. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ 50-ാം വാർഷികത്തിലാണ് നാസ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കുന്ന ശ്രമങ്ങൾ സജീവമായി നടത്തുന്നത്.
ആർട്ടെമിസ് 2 ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ കാനഡയിൽ നിന്നുള്ളതാണ്. മറ്റ് മൂന്ന് പേർ അമേരിക്കയിൽ നിന്നുള്ളവും. ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലാണ് പേര് പ്രഖ്യാപിച്ചത്.
അഞ്ച് പതിറ്റാണ്ടിനിപ്പുറം ചന്ദ്രനിലേക്കുള്ള ആദ്യത്തെ മനുഷ്യ യാത്രയാണ് ആർട്ടെമിസ്-II. എന്നാൽ ഈ സമയത്ത് ചന്ദ്രനിൽ ബഹിരാകാശയാത്രികരുടെ ലാൻഡിംഗ് ഉണ്ടാകില്ല. അതായത് ഈ നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തുകയില്ല. ആർട്ടെമിസ്-2 ഒരു ഫ്ലൈബൈ ദൗത്യമാണ്. ബഹിരാകാശ സഞ്ചാരികൾ ഓറിയോൺ പേടകത്തിൽ ഇരുന്നു ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡ് 39 ബിയിൽ നിന്ന് എസ്‌എൽഎസ് റോക്കറ്റിൽ ഘടിപ്പിച്ച ഓറിയോൺ ബഹിരാകാശ പേടകം വഴിയാണ് നാല് ബഹിരാകാശ സഞ്ചാരികളെ വിടുന്നത്.
ഏകദേശം 42 ദിവസമായിരിക്കും സഞ്ചാരികൾ ചന്ദ്രനെ വലംവെക്കുക. ഈ സമയത്ത് വാഹനവും ബഹിരാകാശ സഞ്ചാരികളും ഏകദേശം 21 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. മടങ്ങുമ്പോൾ പസഫിക് സമുദ്രത്തിൽ എവിടെയെങ്കിലും ലാൻഡിംഗ് നടത്താം.
ഈ ദൗത്യത്തിന്റെ വിജയത്തിന് ശേഷം, ആർട്ടെമിസ്-III ദൗത്യം 2025-ൽ അയയ്ക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തും. ഈ ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ഒരു ഔട്ട്‌പോസ്റ്റ് നിർമ്മിക്കാനുള്ള ശ്രമമാണ് നാസ നടത്തുന്നത്. അത് ചൊവ്വയിലേക്കുള്ള യാത്ര എളുപ്പമാക്കും.
ഓറിയോൺ ബഹിരാകാശ പേടകമാണ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കുക. ലോകത്തിലെ ഏറ്റവും ശക്തവും വലുതുമായ റോക്കറ്റിന്റെ മുകൾ ഭാഗത്താണ് ഓറിയോൺ സ്‌പേസ്‌ഷിപ്പ്. മനുഷ്യരുടെ ബഹിരാകാശ യാത്രയ്ക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്നേവരെ ഒരു ബഹിരാകാശ കപ്പലും ചെയ്യാത്ത ദൂരം താണ്ടാൻ ഇതിന് കഴിയും.