Kannur
മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയയാള്‍ മരിച്ചു
ജനുവരി 13നാണ് മരിച്ചെന്നു കരുതി പവിത്രനെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, ഇയാള്‍ക്ക് ജീവനുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു.
![](https://assets.sirajlive.com/2025/02/pavi-897x538.jpg)
കണ്ണൂര്‍ | മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയയാള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ ആണ് ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ജനുവരി 13നാണ് മരിച്ചെന്നു കരുതി പവിത്രനെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, ഇയാള്‍ക്ക് ജീവനുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു. പിന്നീട് 11 ദിവസത്തോളം ചികിത്സയിലിരിക്കുകയും അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു.
കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ ആശുപത്രി ജീവനക്കാരാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പവിത്രന്റെ മരണവാര്‍ത്ത പത്രങ്ങളില്‍ വരികയും ചെയ്തിരുന്നു.
ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രന് അധികനാള്‍ ആയുസ്സില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാച്ചെലവും കൂടിയായപ്പോള്‍ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. വെന്റിലേറ്റര്‍ മാറ്റിയാല്‍ പവിത്രന് പത്ത് മിനുട്ട് മാത്രമായിരിക്കും ആയുസ്സെന്നും ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു.
വെന്റിലേറ്റര്‍ മാറ്റി പവിത്രനുമായി ആംബുലന്‍സ് പോകുന്നതിനിടെ മിടിപ്പ് നിലച്ചതായി കണ്ടതോടെ പവിത്രന്‍ മരിച്ചെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാര സമയം തീരുമാനിക്കുകയും വാര്‍ത്ത നല്‍കുകയും ചെയ്തു. പിന്നീട് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യം ഏര്‍പ്പാടാക്കി. പുലര്‍ച്ചെ മൂന്നോടെ ആംബുലന്‍സ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലെത്തി. പവിത്രനെ പുറത്ത് കൊണ്ടുവന്നപ്പോഴാണ് പവിത്രന്‍ കണ്ണ് തുറന്നിരിക്കുന്നതും ആളെ തിരിച്ചറിയുന്നതായും മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.