National
മഹാരാഷ്ട്രയില്‍ ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്
ഇയാള്‍ ആറ് വയസുള്ള മകനെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
പൂനെ | മഹാരാഷ്ട്രയില്‍ ഭാര്യയെ യുവാവ് കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി.27കാരിയായ ജ്യോതി ജീതെയാണ് 37കാരനായ ശിവദാസ് ജിതെ കുത്തിക്കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിനു ശേഷം പ്രതി ജോലിചെയ്യുന്ന സ്ഥാപനത്തിലെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ കൊലപാതകം നടത്താനുണ്ടായ പശ്ചാത്തലവും ഖേദം അറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോയും പങ്കുവെച്ചു.
തുടര്‍ന്ന് ഇയാള്‍ ആറ് വയസുള്ള മകനെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും വഴക്ക് മൂര്‍ച്ഛിച്ചതോടെ ശിവദാസ് കത്രികയെടുത്ത് ജ്യോതിയുടെ തൊണ്ടയില്‍ കുത്തുകയുമായിരുന്നു.
യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.