Connect with us

National

സംഭല്‍ സന്ദര്‍ശനം; ഗാസിപൂരില്‍ രാഹുലിനെ തടഞ്ഞ് പോലീസ്

ഗാസിപൂരില്‍ യുപി പോലീസ് റോഡ് അടച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭല്‍ സന്ദര്‍ശനം തടഞ്ഞ് പോലീസ്. ഗാസിപൂരില്‍ യുപി പോലീസ് റോഡ് അടച്ചു. പിന്മാറാതെ യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തരും എത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തിറങ്ങാതെ കാറില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ചുതന്നെ തടയാനായി വന്‍ സന്നാഹങ്ങളാണ് പോലീസ് ക്രമീകരിച്ചത്. അതിര്‍ത്തികളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

രാഹുലും പ്രിയങ്കയും ഒമ്പതരയോടെയാണ്  ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. ഡല്‍ഹി മീററ്റ് എക്സ്പ്രസ് വേയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.

സംഭലില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തുന്നതിന് ഉത്തര്‍ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി, യുപി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ട്. സംഭലിലെ മസ്ജിദില്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest