Connect with us

Aksharam

മാനത്തെ അമ്പിളി

ഭൂമി കഴിഞ്ഞാൽ മനുഷ്യർ ഏറ്റവും കൂടുതൽ പഠിച്ച ഗ്രഹം ചന്ദ്രനാണ്.

Published

|

Last Updated

കൂട്ടുകാർ നിലാവുള്ള രാത്രിയിൽ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കാറില്ലേ? മേഘങ്ങൾക്കിടയിൽ സ്വർണനിറത്തിൽ നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അമ്പിളി മാമനെ കാണാൻ എന്തു ചേലാണല്ലേ?

ഭൂമി കഴിഞ്ഞാൽ മനുഷ്യർ ഏറ്റവും കൂടുതൽ പഠിച്ച ഗ്രഹം ചന്ദ്രനാണ്. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ പല രാജ്യങ്ങളും ചന്ദ്രനെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ഇന്ത്യയും ഈ ചന്ദ്രനെ കുറിച്ച് പഠിച്ച രാജ്യങ്ങളുടെ പട്ടികയിൽ സുപ്രധാന ഇടംപിടിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തി ലോകത്ത് ഒരു രാജ്യത്തിനും നേടാനാകാത്ത നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ കുറിച്ച് കുറച്ചുകാര്യങ്ങൾ കൂട്ടുകാരോട് പറയാം.

ഇന്ത്യ ചന്ദ്രനിലേക്ക്

ചന്ദ്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ യാത്ര തുടങ്ങുന്നത് രണ്ടായിരാമാണ്ടിലാണ്. 2,000 ഫെബ്രുവരിയില്‍ ഡോ. കസ്തൂരി രംഗന്‍, ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ എസ് ആര്‍ ഒയുടെ ചെയർമാനായിരിക്കെ, അഹമ്മദാബാദില്‍ നടന്ന അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിലാണ് ആദ്യമായി ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചത്. ചന്ദ്രയാൻ എന്ന് പേരിടുകയും ചെയ്തു.

ചന്ദ്രയാൻ ഒന്ന്

2008 ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ ഒന്ന് ചന്ദ്രോപരിതലത്തിൽ പ്രവേശിച്ചു. ചന്ദ്രയാൻ ഒന്നിൽ ഉൾപ്പെട്ട ഓർബിറ്റർ ചന്ദ്രന് ചുറ്റും പത്ത് മാസം കറങ്ങിനടന്ന് നിരീക്ഷണങ്ങൾ നടത്തി. ഓർബിറ്ററില്‍ നിന്ന് വേർപ്പെട്ട ത്രിവർണ പതാക പതിച്ച മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറക്കിയ ഇന്ത്യ അന്ന് തന്നെ രാജ്യത്തിന്റെ പേര് ചന്ദ്രോപരിതലത്തിൽ കുറിച്ചു. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടത്.

2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചന്ദ്രനെ അടുത്തറിയാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമെന്ന നിലയിൽ ആ ദൗത്യം വിജകരമായിരുന്നു. ഇതോടെ അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ചാന്ദ്ര ദൗത്യത്തില്‍ ചരിത്രം കുറിച്ച രാജ്യമായി ഇന്ത്യ മാറി.

ചന്ദ്രയാൻ രണ്ട്

ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ചാന്ദ്ര ദൗത്യം നടത്തിയത്. ഇത്തവണ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 2019 ജൂലൈയിൽ ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി എസ് എല്‍ വി മാർക്ക് 3 റോക്കറ്റിലേറി കുതിച്ചുയർന്ന ചന്ദ്രയാൻ രണ്ട് പേടകം പക്ഷേ പൂർണവിജയം കണ്ടില്ല. ലക്ഷ്യത്തിലെത്തിയെങ്കിലും അതിൽ ഉൾപ്പെട്ട വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല.

2019 സെപ്തംബര്‍ ഏഴിന് പുലർച്ചെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മീറ്ററുകൾ മാത്രം അകലെ നിൽക്കെ ഓർബിറ്ററുമായുള്ള ലാൻഡോറിന്റെ ബന്ധം നഷ്ടമായി. വിക്രം ലാൻഡ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. സോഫ്റ്റ്‌വെയര്‍ തകരാറാണ് അവസാന നിമിഷത്തില്‍ തിരിച്ചടിയായത്.
ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാന്‍ രണ്ട് ഓർബിനറ്റര്‍ ചന്ദ്രന്റെ തെളിമയാർന്ന ചിത്രങ്ങള്‍ പകർത്തി ഭൂമിയിലേക്ക് അയച്ചു. ചന്ദ്രനെ കുറിച്ചുള്ള പല ശാസ്ത്രീയ വിവരങ്ങളും അത് ശാസ്ത്രജ്ഞർക്ക് സമ്മാനിച്ചു.

ചന്ദ്രയാൻ മൂന്ന്

ചന്ദ്രയാൻ രണ്ട് ദൗത്യം നഷ്ടമായെങ്കിലും ഇന്ത്യ പിൻവാങ്ങിയില്ല. ചന്ദ്രയാന്‍ രണ്ട് ദൗത്യം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം 2023 ജൂലൈ 14നാണ് മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്ന് എൽ വി എം 3 റോക്കറ്റിലേറിയായിരുന്നു ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ യാത്ര.

40 ദിവസം നീണ്ട യാത്രക്ക് ശേഷം ആഗസ്റ്റ് 23 വൈകിട്ട് 6:4 ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അതോടെ ഇരുൾമൂടിക്കിടന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറി.

ചന്ദ്രനില്‍ ഇറങ്ങിയ ലാൻഡര്‍ മൊഡ്യൂള്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് ശാസ്ത്ര ലോകത്തിന് വിവരങ്ങൾ നൽകിയ റോവര്‍, ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ സഹായിച്ച പ്രൊപ്പൽഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍ മൂന്നിനുള്ളത്. ചന്ദ്രയാന്‍ രണ്ടിന്റെ ഓർബിറ്ററും ദൗത്യത്തിൽ ഐ എസ് ആർ ഒ ഉപയോഗപ്പെടുത്തി.

നാല് പേലോഡുകളാണ് ലാൻഡറിൽ ഉണ്ടായിരുന്നത്. ലാൻഡറില്‍ ഒളിച്ചിരിക്കുന്ന റോവര്‍ എന്ന കുഞ്ഞന്‍ റോബോട്ടായിരുന്നു ഇതിൽ പ്രധാന താരം. 26 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രനിലൂടെ സഞ്ചരിച്ചു. ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസര്‍ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ്പും ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആൽഫ് പാർട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോ മീറ്ററും റോവറിന്റെ ഭാഗമായിരുന്നു.
ഒരു ചാന്ദ്ര പകല്‍, അഥവാ ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസമായിരുന്നു റോവറിന്റെ പ്രവർത്തന സമയം. ഈ 14 ദിവസവും റോവർ വിജയകരമായി പ്രവർത്തിച്ചു. ചന്ദ്രനിൽ നൂറുമീറ്റർ ദൂരം സഞ്ചരിച്ച പ്രഗ്യാൻ റോവർ ദക്ഷിണ ധ്രുവത്തിന്റെ വിവിധ ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചു.

ലക്ഷ്യങ്ങൾ, കണ്ടെത്തലുകൾ

ലാൻഡറടക്കമുള്ള പരീക്ഷണ ഉപകരണങ്ങളെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യിക്കാനുള്ള ശേഷി നേടുക, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവ ഭൂമിയിലേക്ക് അയക്കാനുമുള്ള റോവറിന്റെ ശേഷി പരിശോധിക്കുക, ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍, നാവിഗേഷന്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുടെ പരിശോധന തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍. ഇതിൽ പലതിലും വിജയം കൈവരിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങളാണ് ചന്ദ്രയാൻ മൂന്ന് ഐ എസ് ആർ ഒക്ക് ആദ്യം സമ്മാനിച്ചത്. ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസാണെന്നും എന്നാല്‍ എട്ട് സെന്റി മീറ്റര്‍ താഴേക്ക് പോകുമ്പോള്‍ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറയുന്നുവെന്നും വിക്രം ലാൻഡകറിന്റെ ഭാഗമായ ചന്ദ്രാസ് സർഫറസ് തെർമോഫിസിക്കല്‍ എക്‌സ്പിരിമന്റ് (ചാസ്‌തേ) എന്ന ഉപകരണം കണ്ടെത്തി. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധശേഷിയുമടക്കം ആഴത്തിൽ പഠിക്കാൻ ഈ വിവരങ്ങൾ ശാസ്ത്രലോകത്തെ സഹായിക്കും.

ചന്ദ്രയാൻ മൂന്നിലെ ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പി (എൽ ഐ ബി എസ്) ഉപകരണം ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്ര ഉപരിതലത്തിൽ സൾഫറിന്റെ (എസ്) സാന്നിധ്യം സ്ഥിരീകരിച്ചതാണ് മറ്റൊരു കണ്ടെത്തൽ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞർ ഇപ്പോൾ. ഗഗൻയാൻ എന്ന് പേരിട്ട ചരിത്ര ദൗത്യം അടുത്ത വർഷം വിക്ഷേപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

 

 

 

 

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.