Connect with us

Organisation

സാമൂഹിക സൗഹൃദ വിളംബരവുമായി മാനവ സഞ്ചാരം ശനിയാഴ്ച ആയുര്‍വേദ നഗരിയില്‍

ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ കേരള യുവജന സമ്മേളനം ഡിസംബര്‍ 27 മുതല്‍ 29 വരെ തൃശൂരില്‍ വെച്ചു നടക്കും.

Published

|

Last Updated

കോട്ടക്കല്‍ | എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കാന്തപുരം എ പി അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്ത്വം നല്‍കുന്ന മാനവ സഞ്ചാരം ശനിയാഴ്ച ആയുര്‍വേദ നഗരിയിലെത്തും.

സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തുക, മാനവിക വിചാരങ്ങളെ ഉണര്‍ത്തുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി പ്ലാറ്റിനം ഇയറിന്റെ ഭാഗമായാണ് മാനവ സഞ്ചാരം നടത്തുന്നത്. മലപ്പുറം വെസ്റ്റ് ജില്ല കേന്ദ്രമായ കോട്ടക്കലില്‍ സഞ്ചാരത്തിന് ഊഷ്മള സ്വീകരണം നല്‍കും.പുലര്‍ച്ചെ 5.30ന് കോട്ടക്കല്‍, വേങ്ങര, വെളിമുക്ക്, തിരൂരങ്ങാടി, പരപ്പനങ്ങാടി, വൈലത്തൂര്‍, തിരൂര്‍, പൊന്നാനി, കാഞ്ഞിയൂര്‍, കാളിയാല, ചെലൂര്‍ എന്നീ സോണ്‍ കേന്ദ്രങ്ങളില്‍ പ്രഭാത നടത്തം സംഘടിപ്പിക്കും. ജനസമ്പര്‍ക്കം, വിവിധ വിഭാഗത്തില്‍ പെട്ടവരുമായി കൂടിക്കാഴ്ചകള്‍, സാന്ത്വന കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, തൊഴില്‍ ശാലകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വയോജന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശനം നടത്തും.

രാവിലെ 9 ന് കോട്ടക്കല്‍ ചെങ്കുവെട്ടി സൈന്‍ റസ്റ്റോറന്റില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ യുവജന സംഘടന പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ടേബിള്‍ ടോക്ക്, 11 മണിക്ക് സംരംഭകര്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച, ഒരു മണിക്ക് മാധ്യമപ്രവര്‍ത്തകരുമായി മീഡിയ വിരുന്ന്, രണ്ടു മണിക്ക് താജുല്‍ ഉലമാ ടവറില്‍ പ്രസ്ഥാനിക സംഗമം എന്നിവ നടക്കും. വൈകുന്നേരം നാലുമണിക്ക് കോട്ടക്കല്‍ ചങ്കുവെട്ടിക്കുളം ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന സൗഹൃദ നടത്തത്തിലും അഞ്ചുമണിക്ക് പറമ്പിലങ്ങാടി പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടത്തുന്ന മാനവ സംഗമത്തിലും മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കേരള കായിക, ഹജ്ജ്, വഖഫ്, റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ജാഥാ ലീഡര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അഭിവാദ്യം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സമാപന പ്രഭാഷണം നടത്തും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, അഡ്വ. ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, കെ പി സി സി സെക്രെട്ടറി നൗഷാദ് അലി, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, അലി ബാഖവി ആറ്റുപുറം, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, അബ്ദുല്‍ ഹഫീള് അഹ്സനി ആറ്റുപുറം, ഡോ. ഷുഹൈബ് തങ്ങള്‍ പ്രസംഗിക്കും. സമസ്ത മുശാവറ ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സ്വാദിഖ് വെളിമുക്ക്, അബ്ദുറഹ്മാന്‍ സഖാഫി ഊരകം, കെ അബ്ദുല്‍ കലാം, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുക്കും.

സ്നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുര്‍ബലമാകുകയും അത് അപകടകരമായ ചലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം സംഘടിപ്പിക്കുന്നത്. യാത്ര ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

 

Latest