Connect with us

minority commission

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങിലാണ് നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് സംബന്ധമായ പരാതിയില്‍ കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പ്രതിനിധികളില്‍ നിന്ന് കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജി വാദം കേള്‍ക്കുന്നു

മഞ്ചേരി | മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം.

മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങിലാണ് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കേളജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കേരളാ മുസ്ലിം ജമാഅത്ത് മഞ്ചേരി സോണ്‍ കമ്മിറ്റി ന്യൂനപക്ഷ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ചു വരുത്തി വിശദാംഗങ്ങള്‍ ആരാഞ്ഞത്.

ബെഡുകളുടെ അപര്യാപ്തത, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും എണ്ണക്കുറവ്, ഡോക്ടര്‍മാരുടെ സ്ഥലമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നഷ്ടപ്പെട്ടത് തുടങ്ങി വിശദമായ കാര്യങ്ങള്‍ കമ്മീഷന്‍ മുമ്പാകെ ബോധ്യപ്പെടുത്തി. നിലവിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയപ്പോള്‍, ഉണ്ടായിരുന്ന പല സൗകര്യങ്ങളും ഇല്ലാതെയായി എന്നത് ഏറെ ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

മലപ്പുറം പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ ആതുര ശുശ്രൂഷാ രംഗത്ത് മതിയായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്നും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ അടിയന്തിര നിയമനം ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കേരളാ മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് സോണ്‍ ജനറല്‍ സെക്രട്ടറി എ പി ഇബ്രാഹീം വെള്ളില, എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം യു ടി എം ഷമീര്‍ പുല്ലൂര്‍ എന്നിവരും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ കെ അനില്‍ രാജ്, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി അബ്ദുന്നാസര്‍ എന്നിവരും സിറ്റിങ്ങില്‍ ഹാജരായി.

Latest