Kerala
മഞ്ചേരി മെഡിക്കല്‍ കോളജ്; തീവ്ര പരിചരണ വിഭാഗം ഈ വര്‍ഷം തന്നെ തുടങ്ങണമെന്ന് നിര്‍ദേശം
അടുത്തമാസം കെട്ടിടത്തിന് തറക്കല്ലിടും
മഞ്ചേരി | ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പി എം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് അനുവദിച്ച തീവ്രപരിചരണ വിഭാഗം ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിര്‍ദേശം. ഇതിൻ്റെ അടിസ്ഥാനത്തില്‍ അടുത്തമാസം തന്നെ കെട്ടിടത്തിന് തറക്കല്ലിടാന്‍ തീരുമാനമായി. ഇതിൻ്റെ മുന്നോടിയായി ഈ ഭാഗത്തുള്ള വലിയ ആല്‍മരം ഇതിനകം മുറിച്ചുമാറ്റി.
മെഡിക്കല്‍ കോളജ് വന്നതോടെ തൊട്ടടുത്ത് പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസും അനുബന്ധ സ്ഥലങ്ങളും ഇതിലേക്ക് ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്താണ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് അനുവദിച്ച തീവ്രപരിചരണ വിഭാഗം നിര്‍മിക്കുന്നത്. 64 സെൻ്റ് ഭൂമിയാണ് ഇവിടെയുള്ളത്. ഇതില്‍ 24 സെൻ്റ് ഭൂമിയിലായി 45,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള നാല് നില കെട്ടിടമാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ പ്ലാന്‍ നേരത്തെ ആരോഗ്യ വകിപ്പിന് സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിരുന്നു.
കെട്ടിട നിര്‍മാണത്തിന് ശേഷം അവശേഷിക്കുന്ന സ്ഥലം വാഹന പാര്‍ക്കിംഗിനും മറ്റും ഉപയോഗിക്കും. കെട്ടിടം നിര്‍മിക്കുന്നതിനായി നിലവിലെ പഴയ ടി ബി കെട്ടിടം പൊളിച്ച് നീക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 17.25 കോടി രൂപ കെട്ടിട നിര്‍മാണത്തിനും ബാക്കി തുക ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും. 50 കിടക്കകളാണ് തീവ്രപരിചരണ വിഭാഗത്തിന് അനുവദിച്ചത്. 12 ഐ സി യു കിടക്കകളും സജ്ജീകരിക്കും.