Connect with us

Ongoing News

വേമ്പനാട്ടു കായല്‍ തീരത്ത് മാഞ്ചസ്റ്ററിന്റെ ട്രെബിള്‍ ട്രോഫികള്‍; ഇന്ത്യന്‍ പര്യടനത്തിന് തുടക്കം

പ്രീമിയര്‍ ലീഗ് ട്രോഫി, എഫ് എ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്നിവക്കൊപ്പം യുവേഫ സൂപ്പര്‍ കപ്പും ഫുട്ബോള്‍ ആവേശത്തിന്റെ നഗരമായ കൊച്ചിയിലെത്തി.

Published

|

Last Updated

കൊച്ചി | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി ഇക്കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ട്രെബിള്‍ ട്രോഫികളുടെ ഇന്ത്യയിലെ പര്യടനത്തിന് കൊച്ചിയില്‍ തുടക്കം. പ്രീമിയര്‍ ലീഗ് ട്രോഫി, എഫ് എ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്നിവക്കൊപ്പം യുവേഫ സൂപ്പര്‍ കപ്പും ഫുട്ബോള്‍ ആവേശത്തിന്റെ നഗരമായ കൊച്ചിയിലെത്തി.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകവും, നെഹ്റു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പേരുകേട്ടതുമായ കൊച്ചിയിലെ വേമ്പനാട്ടു കായലിന്റെ മനോഹരമായ തീരത്താണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യത്തെ ട്രെബിള്‍ വിജയം ഉള്‍ക്കൊള്ളുന്ന നാല് ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ ചിത്രം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് എന്നിവയില്‍ പങ്കുവെച്ചു.

‘വേമ്പനാട്ടു കായലില്‍ മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ട്രെബിള്‍ ട്രോഫി ടൂര്‍ നടത്തുന്നു’ എന്നാണ് പോസ്റ്റ്. കായലിന്റെ സായാഹ്ന ഭംഗിക്കൊപ്പം കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ ഹൗസ് ബോട്ടും ചിത്രത്തിലുണ്ട്. സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് (സി എഫ് ജി) ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദര ക്ലബായ മുംബൈ സിറ്റി എഫ് സിയുടെ തട്ടകമായ മുംബൈ നഗരത്തിലും ട്രോഫികള്‍ പ്രദര്‍ശിപ്പിക്കും. സിറ്റിയുടെ മുന്‍താരം നെഡും ഒനൂഹയും പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തി.

മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒനൂഹ പറഞ്ഞു. സീസണില്‍ ഇത്രയും കിരീടങ്ങള്‍ സിറ്റി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ മിടുക്കാണ് കാരണം. ഗോളടിയില്‍ ഹാലണ്ട് ഇനിയും മുന്നേറും. സിറ്റിയുടെ അക്കാദമി സംവിധാനം മികച്ചതാണ്. ഏറെ യുവതാരങ്ങള്‍ ക്ലബിലേക്ക് കടന്നുവരുന്നുണ്ട്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോകത്തിലെ മികച്ച താരങ്ങളാണ്. എങ്കിലും ഏറെ പ്രിയ താരം മെസ്സിയാണെന്നും ഒനൂഹ കൂട്ടിച്ചേര്‍ത്തു.