Ongoing News
ഓള്‍ഡ് ട്രാഫോഡിന് സമീപം വന്‍ സ്‌റ്റേഡിയം; സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
ഒരുലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുക. 200 കോടി ഡോളര്‍ (1,74,40,5700,000 രൂപ) ആണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ലണ്ടന്‍ | ബ്രിട്ടനില്‍ വന്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്. ഓള്‍ഡ് ട്രാഫോഡിന് സമീപത്തായാണ് ഒരുലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിര്‍മിക്കുക. 200 കോടി ഡോളര്‍ (1,74,40,5700,000 രൂപ) ആണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ക്ലബിന്റെ ഓള്‍ഡ് ട്രാഫോഡിലുള്ള നിലവിലെ കേന്ദ്രം പൊളിച്ചുകളയും. ലോകത്തെ ഏറ്റവും ഗംഭീരമായ സ്‌റ്റേഡിയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്ലബ് ഉടമകളില്‍ ഒരാളായ സര്‍ ജിം റാറ്റ്ക്ലിഫ് പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
1910 മുതല്‍ ഓള്‍ഡ് ട്രാഫോഡ് ആണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കേന്ദ്രം. പുതിയ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതു വരെ ഓള്‍ഡ് ട്രാഫോഡില്‍ തന്നെയാണ് ക്ലബ് കളിക്കുക.
കുടയുടെ ആകൃതിയില്‍, ട്രഫല്‍ഗര്‍ സ്‌ക്വയറിനെക്കാള്‍ രണ്ടിരട്ടി വലിപ്പം വരുന്നതാണ് പുതിയ സ്റ്റേഡിയമെന്ന് രൂപകല്‍പന നിര്‍വഹിക്കുന്ന ആര്‍ക്കിടെക്റ്റുകളായ ഫോസ്റ്ററും പാര്‍ട്ണര്‍മാരും പറയുന്നു. കൊടിമരത്തിനു സമാനമായി ഉയര്‍ന്നു നില്‍ക്കുന്ന ഇതിന്റെ മൂന്ന് ഭാഗങ്ങള്‍ക്ക് 200 മീറ്റര്‍ ഉയരമുണ്ടാകും. അതിനാല്‍ 25 മൈല്‍ ദൂരത്തു നിന്നു പോലും ഇത് കാണാനാവും.
അതേസമയം, നിലവില്‍ നൂറു കോടി ഡോളര്‍ കടത്തിലുള്ള ക്ലബ് സ്‌റ്റേഡിയം നിര്‍മാണത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറെ ആകര്‍ഷകമായ നിക്ഷേപ അവസരമാണ് ഒരുങ്ങുന്നതെന്നും സ്റ്റേഡിയത്തിനുള്ള മുതല്‍മുടക്കിന് പണം കണ്ടെത്താനുള്ള ഒരു വഴി കണ്ടെത്താന്‍ കഴിയുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഒമര്‍ ബെറാഡ പറഞ്ഞു. ലണ്ടന്‍