Kerala
മണ്ഡലകാലം: എന്‍ ഡി ആര്‍ എഫ് സേവനം ഇതുവരെ ലഭിച്ചത് 160 തീര്‍ഥാടകര്‍ക്ക്
സദാ സേവനസന്നദ്ധരായി 41 അംഗ എന്‍ ഡി ആര്‍ എഫ് സംഘം.
രാത്രി കാനന പാതയില്‍ അപകടത്തില്‍പ്പെട്ട തീര്‍ഥാടകനെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്ന എന്‍ ഡി ആര്‍ എഫ് സംഘം
പത്തനംതിട്ട | മണ്ഡലകാലം തുടങ്ങിയ നവംബര്‍ 15 മുതല്‍ ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്ന 41-അംഗ നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ ഡി ആര്‍ എഫ്) സേവനം ഇതുവരെ ലഭിച്ചത് 160 തീര്‍ഥാടകര്‍ക്ക്.
ചെന്നൈ ആരക്കോണത്തുള്ള എന്‍ ഡി ആര്‍ എഫ് നാലാം ബറ്റാലിയനിലെ നാല് ഓഫീസര്‍മാരും
37 അംഗങ്ങളുമാണ് സന്നിധാനത്തും നടപ്പന്തലിലും പമ്പയിലും നീലിമല ടോപ്പിലുമായി സേവനമനുഷ്ഠിക്കുന്നത്.
അപകടം സംഭവിക്കുകയും അസുഖം ബാധിക്കുകയും മറ്റും ചെയ്യുന്ന തീര്‍ഥാടകരെ ഉടന്‍ സ്‌ട്രെച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പായി പ്രാഥമിക വൈദ്യശുശ്രൂഷയും കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കി ജീവന്‍ രക്ഷപ്പെടും എന്ന് സംഘം ഉറപ്പാക്കുന്നു.
ഡെപ്യൂട്ടി കമാന്‍ഡന്റ് കെ കപില്‍, ഇന്‍സ്‌പെക്ടര്‍ ജി ഗോപിനാഥ്, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ നെഹ്‌റ, എ എസ് ഐ. എസ് അനീഷ് എന്നിവരാണ് സംഘത്തിലെ ഓഫീസര്‍മാര്‍.
വെള്ളയും ഓറഞ്ചും നിറത്തിലുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് സദാ സേവന സന്നദ്ധമായിരിക്കുന്ന എന്‍ ഡി ആര്‍ എഫ് സംഘം പുല്‍മേട് വഴി വരുമ്പോള്‍ അപകടത്തില്‍പ്പെട്ട തീര്‍ഥാടകനെ സ്‌ട്രെച്ചറില്‍ 4.5 കിലോമീറ്റര്‍ എടുത്തു നടന്ന് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് എന്‍ ഡി ആര്‍ എഫിന് വിളി വരിക. ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തും. നാലു സ്‌ട്രെച്ചറുകളാണ്
സംഘത്തിന്റെ പക്കലുള്ളത്.
അപസ്മാരം, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മര്‍ദം, പരുക്കുകള്‍ എന്നീ കേസുകളാണ് തങ്ങളുടെ മുന്നില്‍ കൂടുതലായും വരുന്നതെന്ന് ഇന്‍സ്പെക്ടര്‍ ജി ഗോപിനാഥ് പറഞ്ഞു. ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ ലഭ്യമാണെന്ന് സംഘത്തിലെ മലയാളി എ എസ് ഐ. എസ് അനീഷ് പറഞ്ഞു.
‘കുടിവെള്ളം ലഭിക്കുന്ന കൂടുതല്‍ പോയിന്റുകള്‍, മികച്ച റോഡ്, വിശ്രമിക്കാന്‍ നിരവധി ബെഞ്ചുകള്‍ എന്നിവ ഇത്തവണ ലഭ്യമാണ്. തീര്‍ഥാടകര്‍ വര്‍ധിച്ചിട്ടും സുഗമ ദര്‍ശനം സാധ്യമാക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടം.’- തിരുവനന്തപുരം സ്വദേശിയായ അനീഷ് കൂട്ടിച്ചേര്‍ത്തു.