Kerala
ശബരിമല നട തുറന്നു; മണ്ഡല കാലത്തിന് തുടക്കം
ഇന്ന് വൈകിട്ട് നാലിനാണ് മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്.
ശബരിമല | ശ്രീകോവില്‍ നട തുറന്നു. ശബരിമല സന്നിധിയില്‍ ദര്‍ശന സൗഭാഗ്യം തേടിയെത്തിയവര്‍ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു. ഇനി മകരവിളക്കു കഴിഞ്ഞ് നടയടയ്ക്കും വരെ ശരണമന്ത്ര മുഖരിതമാവും അയ്യപ്പസന്നിധി.
ഇന്ന് വൈകിട്ട് നാലിന് നട തുറന്നപ്പോള്‍ ശരണം വിളികളാല്‍ സന്നിധാനം നിറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരുടെയും കണ്ഠരര് ബ്രഹ്മദത്തന്റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വെള്ളിയാഴ്ച പൂജകള്‍ ഉണ്ടായിരുന്നില്ല. പുതിയ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശനിയാഴ്ച നട തുറക്കുക.
മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി മാളികപ്പുറത്ത് നട തുറന്നു. പുതിയ മേല്‍ശാന്തി ടി വാസുദേവന്‍ നമ്പൂതിരിയാണ് ശനിയാഴ്ച നട തുറക്കുക. പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ അഗ്‌നി തെളിച്ചതോടെ പതിനെട്ടാം പടി ഭക്തര്‍ക്കായി തുറന്നു കൊടുത്തു.
മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ കെ അജികുമാര്‍, സി ജി സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാന വട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരെ ഉച്ചയോടെ പമ്പയില്‍ നിന്ന് കടത്തിവിട്ടു.
2.25 ന് ആദ്യ സംഘം വലിയ നടപ്പന്തലിലെത്തി. സന്നിധാനത്ത് തന്നെ തങ്ങുന്ന പലരും പുലര്‍ച്ചെ നെയ്യഭിഷേകവും നടത്തിയാകും മടങ്ങുക. വെര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70,000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം ലഭിക്കും.
ഇന്ന് 30,000 പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. ഇത്തവണ 18 മണിക്കൂര്‍ ദര്‍ശന സൗകര്യമുണ്ടാകും. കഴിഞ്ഞ പ്രാവശ്യം ഇത് 16 മണിക്കൂര്‍ ആയിരുന്നു.
സ്‌പെഷ്യല്‍ ട്രെയിനുകള്‍
ശബരിമല തീര്‍ഥാടനകാലത്തേക്കായി ഒമ്പത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചു. ചെന്നൈ-കൊല്ലം റൂട്ടില്‍ നാല് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് ഉണ്ടാവുക. ഈ മാസം 19 മുതല്‍ ജനുവരി 19 വരെയാണ് സര്‍വീസ്.