Uae
രാജ്യമാകെ നിര്‍ബന്ധിത ആരോഗ്യ പരിരക്ഷ പദ്ധതി പ്രാബല്യത്തിലായി
64 വയസ്സ് വരെയുള്ള ആളുകളെ ഉള്‍ക്കൊള്ളുന്ന ഇന്‍ഷ്വറന്‍സ് പോളിസി രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും.
ദുബൈ| യു എ ഇയിലാകെ ആരോഗ്യ പരിരക്ഷ പദ്ധതി പ്രാബല്യത്തിലായി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായി. അബൂദബിയിലും ദുബൈയിലും നിലവിലുണ്ടായിരുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് വ്യവസ്ഥ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും ബാധകമാക്കുകയായിരുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് ഇന്‍ഷ്വറന്‍സ് നേടിയിരിക്കണം.
റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഒരു വ്യവസ്ഥയായി ഇത് മാറി. തൊഴിലുടമകളാണ് ചെലവ് വഹിക്കേണ്ടത്. അവര്‍ പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് വാങ്ങേണ്ടതുണ്ട്. 2024 ജനുവരി ഒന്നിന് മുമ്പ് നല്‍കിയിട്ടുള്ളതും സാധുതയുള്ളതുമായ വര്‍ക്ക് പെര്‍മിറ്റുകളുള്ള ജീവനക്കാര്‍ക്ക് ഈ മാന്‍ഡേറ്റ് ബാധകമല്ല. അവരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കേണ്ട സമയമാകുമ്പോള്‍ മാത്രമേ ഇത് നിര്‍ബന്ധമാകൂ.
64 വയസ്സ് വരെയുള്ള ആളുകളെ ഉള്‍ക്കൊള്ളുന്ന ഇന്‍ഷ്വറന്‍സ് പോളിസി രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷത്തെ പ്രീമിയം തിരികെ ലഭിക്കും. അടിസ്ഥാന ഇന്‍ഷ്വറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹം ചെലവാകും. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് കാത്തിരിപ്പ് കാലയളവ് ഇല്ല. ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും അവരുടെ ആശ്രിതര്‍ക്കും അവശ്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.