Ongoing News
മാനെ vs സലാ; ആഫ്രിക്കൻ നാഷൻസ് കപ്പ് ഫൈനൽ ഇന്ന്
എട്ടാം കിരീടം തേടി ഈജിപ്‌ത്
യോണ്ടെ | ഈജിപ്‌തിന്റെ മുഹമ്മദ് സലായോ സെനഗലിന്റെ സാദിയോ മാനെയോ…?. ആഫ്രിക്കൻ നാഷൻസ് കപ്പിൽ ഇത്തവണ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലിവർപൂളിലെ സഹതാരങ്ങളായ മാനെയും സലായും നേർക്കുനേർ എതിരിടുന്ന കലാശപ്പോരാട്ടം ഇന്ന് രാത്രി 12.30ന് നടക്കും. കാമറൂണിലെ ഒലെംബ പോൾ ബിയ സ്റ്റേഡിയത്തിലാണ് മത്സരം.
എട്ടാം കിരീടം തേടി ഈജിപ്‌തും കന്നിക്കിരീടം തേടി സെനഗലും കളത്തിലിറങ്ങുമ്പോൾ ആവേശപ്പോരാട്ടം ഉറപ്പ്. ടൂർണമെന്റിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമുള്ള മാനെ മിന്നുന്ന ഫോമിലാണ്. അതേസമയം, സലാ തന്റെ പൂർണ മികവിലെത്തിയിട്ടില്ല. എങ്കിലും രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ദേശീയ ടീമിനായി 79 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ സ്വന്തമാക്കിയ താരമാണ് സലാ. മാനെ 84 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ദേശീയ ടീമിനായി നേടിയത്. ആതിഥേയരായ കാമറൂണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തോൽപ്പിച്ചാണ് ഈജിപ്്ത് ഫൈനലിലേക്ക് മുന്നേറിയത്. ബർകിനാ ഫാസോയെ 3-1ന് തോൽപ്പിച്ച് സെനഗലും കലാശപ്പോരാട്ടത്തിന് അർഹത നേടി.
2010ലാണ് ഈജിപ്റ്റ് ഇതിന് മുമ്പ് ചാമ്പ്യന്മാരായത്. അന്ന് ഘാനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു കിരീട നേട്ടം.
2017ൽ ഫൈനലിലെത്തിയെങ്കിലും കാമറൂണിനോട് 2-1ന് പരാജയപ്പെട്ടു. സെനഗൽ രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും ഒരിക്കൽപോലും കപ്പുയർത്താനായില്ല. 1798 ഘാനയോട് 2-0നും 2019ൽ അൾജീരിയയോട് 1-0ത്തിനുമാണ് പരാജയപ്പെട്ടത്.