Kerala
അണിയറയിൽ കരുനീക്കങ്ങൾ; കോണ്‍ഗ്രസ്സില്‍ ഇനി ഒളിയുദ്ധത്തിന്റെ നാളുകള്‍
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന രണ്ടു പ്രമുഖ ഗ്രൂപ്പുകളുടെ ലിസ്റ്റുകളില്‍ നിന്ന് പ്രസിഡന്റുമാരെ തീരുമാനിക്കാനാണെങ്കില്‍ തങ്ങള്‍ എന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത് എന്ന ചോദ്യമാണ് സുധാകരനും സതീശനും ഉന്നയിക്കുന്നത്.
കോഴിക്കോട് | മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലൂടെ കോണ്‍ഗ്രസ് അര്‍ധ കേഡര്‍ പാര്‍ട്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചതോടെ ഡി സി സി പ്രസിഡന്റ് പട്ടികയുടെ പേരിലുള്ള പോര് ഒളിയുദ്ധത്തിലേക്കു മാറുന്നു. ഏതാനും നേതാക്കളുടെ പരസ്യ പ്രതികരണത്തിലൂടെ പുറത്തുവന്ന രോഷം ഉടനെ ഒടുങ്ങുമെന്ന നേതൃത്വത്തിന്റെ കണക്കൂട്ടലുകള്‍ പിഴക്കുന്ന തരത്തില്‍ കരുനീക്കം നടത്താന്‍ ഗ്രൂപ്പുകള്‍ രണ്ടടി പിന്നോട്ടു നീങ്ങുകയാണ്.
പരസ്യ പ്രസ്താവനകള്‍ നടത്തി അച്ചടക്ക നടപടികള്‍ ക്ഷണിച്ചുവരുത്തേണ്ടെന്ന തീരുമാനം ഗ്രൂപ്പു മാനേജര്‍മാര്‍ കൈക്കൊണ്ടതിനാല്‍ ഇനിയുള്ള കളികള്‍ പിന്നാമ്പുറത്തുനിന്നായിരിക്കും. ഹൈക്കമാന്റിന്റെ പൂര്‍ണ പിന്‍തുണയോടെയാണ് കെ സുധാകരനും വി ഡി സതീശനും കരുക്കള്‍ നീക്കുന്നത്. അതുകൊണ്ട് തന്നെ അച്ചടക്ക നടപടിക്കു വിധേയമാവുന്നവര്‍ക്ക് വരാനിരിക്കുന്ന കെ പി സി സി, ഡി സി സി ഭാരവാഹിപ്പട്ടികയിലും ഇടം കിട്ടാതെ പോവും.
അച്ചടക്ക നടപടി ഭയന്ന് കിട്ടാവുന്ന പദവികള്‍ വാങ്ങി തൃപ്തിപ്പെടാമെന്നു തീരുമാനിച്ച് മൗനം പാലിക്കാന്‍ ചിലര്‍ സന്നദ്ധമായേക്കുമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ നേരത്തെ വി എം സുധീരനേയും മുല്ലപ്പള്ളിയേയും വീഴ്ത്തിയ അടവുകള്‍ പരിഷ്‌കരിച്ചു സുധാകരനെതിരേയും പുറത്തെടുക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. നേരത്തെ കെ പി സി സി പ്രസിഡന്റുമാരെ ഒറ്റപ്പെടുത്തി കരുനീക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ടാണ് എന്നതും കേന്ദ്രത്തില്‍ നിന്നു കെ സി വേണുഗോപാലിന്റെ പിന്‍തുണയും ഗ്രൂപ്പുകള്‍ നേരിടുന്ന പ്രതിസന്ധിയാണ്.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന രണ്ടു പ്രമുഖ ഗ്രൂപ്പുകളുടെ ലിസ്റ്റുകളില്‍ നിന്ന് പ്രസിഡന്റുമാരെ തീരുമാനിക്കാനാണെങ്കില്‍ തങ്ങള്‍ എന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത് എന്ന ചോദ്യമാണ് സുധാകരനും സതീശനും ഉന്നയിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെ പൂര്‍ണമായി വാനിഷ് ചെയ്യാനും ചെന്നിത്തലയെ കേന്ദ്രത്തിലേക്കയച്ച് ഐ ഗ്രൂപ്പിനെ നിഷ്‌ക്രിയമാക്കാനുമുള്ള തന്ത്രം ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ മുരളീധരനെ കൂടെ നിര്‍ത്തിയാണ് ഈ തന്ത്രം ആവിഷ്‌കരിച്ചത്. കിട്ടുന്നതു ലാഭം എന്നു കരുതുന്ന കെ മുരളീധരന് കാലാകാലങ്ങളില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചാല്‍ മതി എന്ന ഒറ്റ അജണ്ട മാത്രമേ ഇപ്പോള്‍ ഉള്ളൂ. മുരളീധരനെ വിശ്വാസത്തില്‍ എടുത്തതുകൊണ്ട് അപശബ്ദങ്ങളും തലവേദനയും കുറയ്ക്കാന്‍ കഴിഞ്ഞു എന്ന അവസ്ഥയുമുണ്ട്. ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയും ഉള്ളില്‍ സൂക്ഷിക്കുന്ന പക വീട്ടാനുള്ള അവസരമായാണ് മുരളീധരന്‍ ഈ അവസരം വിനിയോഗിക്കുന്നത്.
ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയുടെ പേരില്‍ ഗ്രൂപ്പുകളുടെ പ്രതികരണം നീരീക്ഷിച്ചായിരിക്കും കെ പി സി സി, ഡി സി സി ഭാരവാഹികളെ പ്രഖ്യാപിക്കുക. നിലവിലെ ജംബോ ഭാരവാഹികളെ ചുരുക്കുന്നതിലൂടെ നിരവധി പേര്‍ പുറത്തുപോകും. ഇവര്‍ക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്ത വിധം അച്ചടക്കത്തിന്റെ വാള്‍ പ്രയോഗിക്കുമെന്ന സന്ദേശമാണ് മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായരെയും കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും സസ്‌പെന്റ് ചെയ്തതിലൂടെ നേതൃത്വം മുന്നോട്ടു വച്ചത്.
ഇപ്പോള്‍ ഓരോ ജില്ലയിലും നിന്നുള്ള പ്രവര്‍ത്തകര്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളുമായി ആശയ വിനിമയം നടത്തിവരികയാണ്. നേതാക്കള്‍ അണികളോടു കാത്തിരിക്കാനാണു പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാതെ തുടര്‍ നടപടികള്‍ ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതൃത്വം. പ്രവര്‍ത്തനങ്ങളില്‍ നിന്നു നിഷ്‌ക്രിയരാവുക, പുതിയ ഡി സി സി പ്രസിഡന്റുമാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഡി സി സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതില്‍ എം പി മാരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ തയ്യാറായതോടെ ഡി സി സി പ്രസിഡന്റുമാരും ജന പ്രതിനിധികളും അടങ്ങിയ ഒരു സംഘത്തെ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതിന് ഉപയോഗിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിലൂടെ മുന്‍ കാലങ്ങളില്‍ ഗ്രൂപ്പുകള്‍ നടത്തിയ എല്ലാ ഒളിയുദ്ധങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടുന്നത്.