Connect with us

mango

മധുരപ്രതീക്ഷയായി മാമ്പഴക്കാലം; കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ആലോചന

ഇത്തവണ വലിയ വിളവ് ലഭിക്കുമെന്ന് കർഷകർക്ക് പ്രതീക്ഷ

Published

|

Last Updated

കൊച്ചി | ആഗോള വിപണിയിൽ നേരത്തെയെത്തി പണം കൊയ്യുന്ന കേരളത്തിലെ മുന്തിയ ഇനം മാങ്ങകളുടെ ഉത്പാദനത്തിൽ ഇക്കുറി വർധനവുണ്ടാകുമെന്ന് പ്രതീക്ഷ. ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിലുൾപ്പെടെ മികച്ച വിളവാണ് ഇത്തവണ കർഷകർ പ്രതീക്ഷിക്കുന്നത്. കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലും കാലാവസ്ഥാ മാറ്റം മാമ്പഴ ഉത്പാദനത്തിന് തുണയാകുമെന്നാണ് കണക്കുകൂട്ടൽ.

പാലക്കാട്ടെ പത്ത് പഞ്ചായത്തുകളിലെ ഏതാണ്ട് 14,000 ഹെക്ടർ വരുന്ന കൃഷിയിടങ്ങളിൽ ഒരു മാസത്തിനകം വിളവെടുപ്പ് തുടങ്ങും. കാലാവസ്ഥാ മാറ്റവും കടുത്ത ചൂടുമെല്ലാം കാരണം കഴിഞ്ഞ വർഷങ്ങളിൽ മാമ്പഴ ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു. പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, നെന്മാറ, എലവഞ്ചേരി, വടവന്നൂർ, ഏരുത്തേംപതി, പെരുമാട്ടി, പട്ടഞ്ചേരി, പുതുനഗരം, വടകരപ്പതി തുടങ്ങിയ പത്ത് പഞ്ചായത്തുകളിൽ നിന്നായി മികച്ച വിളവാണ് കർഷകർ ഇക്കുറി പ്രതീക്ഷിക്കുന്നതെന്ന് മുതലമട മാംഗോ ഫാർമേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ സെക്രട്ടറി അറുമുഖൻ പറഞ്ഞു. ഇവിടുത്തെ മാന്തോപ്പുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാമ്പഴ വിപണിയിലൂടെ നിലവിൽ 600 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇക്കുറി ഇതിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കർഷകർ പറഞ്ഞു. ഒരു ഹെക്ടറിൽ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷമാണ് വരുമാന നേട്ടമുണ്ടാകുക. സേലം കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന ഇവിടെ നിന്ന് വിവിധ തരത്തിലുള്ള 45,000 ടണ്ണിലധികം മാമ്പഴമാണ് വിവിധയിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. മുതലമടയുടെ മാത്രം പ്രത്യേകതയായ സിന്ദൂരം, അൽഫോൻസ, കിളിമൂക്കൻ, നീലൻ, ബൻഗനപ്പള്ളി മാങ്ങകൾക്ക് ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം വൻ ആവശ്യക്കാരാണുള്ളത്.

കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട്, രാജ്യത്ത് ആദ്യം പൂക്കുന്നതും കായ്ക്കുന്നതും മുതലമടയിലെ മാവുകളാണ്. നവംബർ ഡിസംബർ മാസങ്ങളിൽ പൂത്തു തുടങ്ങും. ഫെബ്രുവരിയിൽ വിളവെടുപ്പ് ആരംഭിക്കും. ഏപ്രിൽ അവസാനം വരെ ഇവിടെ നിന്ന് മാങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിക്കും. രുചിപ്പെരുമയിൽ മുതലമട മാമ്പഴത്തിനാണ് വിപണിയിൽ മുൻതൂക്കം. ഇക്കൂട്ടത്തിൽ, ഒരൽപ്പം നീണ്ട കാത്തിരിപ്പിന് ശേഷം മൂപ്പെത്തുന്ന അൽഫോൻസ ഇനത്തിന് പ്രിയമേറും. മറ്റിനങ്ങൾക്ക് ശരാശരി 80-90 ദിവസങ്ങൾ മതി മൂപ്പെത്താനെങ്കിൽ, അൽഫോൻസക്ക് നൂറ് ദിവസമെങ്കിലും ചുരുങ്ങിയത് വേണം. പഴച്ചാറുകൾക്ക് അൽഫോൻസയാണ് കൂടുതലായി ഉപയോഗിക്കുക. തോത്താപ്പുരി എന്ന ഇനവും ഈ സവിശേഷതയിൽപ്പെടുന്നു. ഏതാണ്ട് 35 ഇനം മാങ്ങകൾ മുതലമടയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കാസർകോടൻ, പുളിയൻ, ചെനയൻ, ഗോമാങ്ങ, നാരൻ തുടങ്ങി നാട്ടുപേരിലറിയപ്പെടുന്ന മാങ്ങകളുടെ ഉത്പാദനം കാസർകോട്, കണ്ണൂർ ജില്ലകളിലും ഇക്കുറി കൂടുമെന്നാണ് കണക്കാക്കുന്നത്. മാമ്പഴത്തിൽ കണ്ണൂരിന്റെ രുചിക്കൂട്ടായ കുറ്റിയാട്ടൂർ മാങ്ങയുടെ വിളവെടുപ്പിലും മികച്ച നേട്ടം കണക്കുകൂട്ടുന്നുണ്ട്. കുറ്റിയാട്ടൂർ പഞ്ചായത്തിൽ മാത്രം കോടിക്കണക്കിന് രൂപയുടെ മാങ്ങ ലഭിക്കാറുണ്ട്. 300 ഹെക്ടറിലായി ഇവിടെ ഏഴായിരം ടൺ മാങ്ങ ഉത്പാദിപ്പിക്കുന്നു.

നിലവിൽ പരമ്പരാഗത വിപണികളായ യു എ ഇ, മറ്റ് ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ യൂനിയൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് മാമ്പഴം കയറ്റിയയക്കുന്നത്. പാലക്കാട് നിന്ന് ഉത്പാദിപ്പിക്കുന്ന അൽഫോൻസ ഇനത്തിന്് ഇതിൽ പ്രധാന സ്ഥാനമാണ്. 2019-20ൽ 5.60 കോടി ഡോളറിന്റെ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2020 ഏപ്രിലിൽ കയറ്റുമതി വരുമാനം 2.83 കോടി ഡോളർ മാത്രമായിരുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ത്രേലിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ മാമ്പഴം കയറ്റുമതി നടത്തി വരുമാന നേട്ടമുണ്ടാക്കാൻ ഇക്കുറി ആലോചിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest