Editors Pick
84 വയസ്സുള്ള മാംഗോമാന്‍; കലീമുള്ള എന്ന അത്ഭുത മനുഷ്യന്‍റെ വിശേഷങ്ങള്‍...
ഖലീമുള്ള ഖാന്‍റെ മാമ്പഴങ്ങളുടെ പേരുകളും വിചിത്രമാണ്.അക്കൂട്ടത്തില്‍ ഐശ്വര്യ റായ് മുതല്‍ നരേന്ദ്ര മോദി വരെ പല പേരുകളിലുള്ള മാമ്പഴങ്ങളുണ്ട്.

കലീമുളള ഖാൻ എന്ന യു.പി സ്വദേശി ഒരിക്കലും ഒരു ശാസ്ത്രജ്ഞനാകാൻ ഉദ്ദേശിച്ചിരുന്നില്ല. ഏഴാം ക്ലാസ് തോറ്റു. സ്കൂൾ പഠനം നിർത്തി.അവിടെ അതൊരു പുതിയ കാര്യവുമല്ല. തുടര്‍ന്ന് മലിഹാബാദിലുള്ള തന്റെ കുടുംബ സ്വത്തായ മാമ്പഴത്തോട്ടത്തിൽ അലഞ്ഞുനടന്ന് ദിവസങ്ങൾ ചെലവഴിച്ചു. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിൽ തനിക്കുണ്ടായ കുറവ് സഹജവാസനയിലൂടെയും മറ്റാരും സങ്കൽപ്പിക്കാൻ ധൈര്യപ്പെടാത്ത ഒരു ആശയത്തിലൂടെയും അദ്ദേഹം നികത്തിയിരിക്കയാണ്.ഒരു മരത്തിൽ തന്നെ നൂറുകണക്കിന് വ്യത്യസ്ത മാമ്പഴങ്ങൾ വളർത്തുകയെന്ന ആശയം ഇങ്ങനെയാണുണ്ടായത്.
ഇന്ന്, 84 വയസ്സുള്ള അദ്ദേഹം രാജ്യമെങ്ങും അറിയപ്പെടുന്ന ആളാണ്.പത്മശ്രീ അവാർഡ് ജേതാവാണ്. ‘ഇന്ത്യയുടെ മാംഗോമാന്‍ ‘ എന്നറിയപ്പെടുന്നു. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും അദ്ദേഹത്തിന്റെ പേര് ഉണ്ട്. അന്നത്തെ അദ്ദേഹത്തിന്റെ തോട്ടം ഒരു ജീവനുള്ള പരീക്ഷണശാലയായി മാറിയിരിക്കുന്നു. 350-ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങൾ കായ്ക്കുന്ന ഒരു വൃക്ഷത്തിന്റെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് .
ഗ്രാഫ്റ്റിങ്ങിലെ ഖാന്റെ നൂതനമായ സമീപനം അദ്ദേഹത്തിന് ദേശീയ, അന്തർദേശീയ അംഗീകാരം നേടിക്കൊടുത്തു. ഒരു മരത്തിന്റെ ശാഖയിൽ നിന്ന് മറ്റൊന്നിന്റെ വേരിൽ യോജിപ്പിക്കുന്ന ഈ പുരാതന സാങ്കേതികവിദ്യ നൂറ്റാണ്ടുകളായി കൃഷിയിൽ ഉപയോഗിച്ചുവന്നിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തന്റെ ഗവേഷണത്തിലൂടെയും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും 350 ഓളം ഇനം മാമ്പഴങ്ങൾ കായ്ക്കുന്ന ഒരു മാവ് അദ്ദേഹം സൃഷ്ടിച്ചു.
എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും ആദരണീയനായ തോട്ടകൃഷി വിദഗ്ദ്ധരിൽ ഒരാളാകുക എന്നത് അത്രയെളുപ്പമല്ലായിരുന്നു ഖലീമുള്ള ഖാന്‍ എന്ന മനുഷ്യന്. നിരവധി തവണ അദ്ദേഹം പരാജയം രുചിച്ചിട്ടുണ്ട്. അസാമാന്യമായ ക്ഷമയും നിശ്ചയദാര്‍ഢ്യവുമാണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചത്.ഏഴാം ക്ലാസിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്കൂൾ പഠനം ഉപേക്ഷിച്ച ശേഷം കലീമുള്ള മരിച്ചുപോയ മുത്തച്ഛൻറെ മാമ്പഴത്തോട്ടത്തിലേക്കിറങ്ങി.അതിന്‍റെ പരിപാലനത്തില്‍ മുഴുകി മാമ്പഴങ്ങൾക്കിടയിലാണ് അദ്ദേഹം തന്റെ ഭാവി ജീവിതം കണ്ടെത്തിയത്.
“എനിക്ക് ഒരിക്കലും പഠനത്തിൽ താൽപ്പര്യമില്ലായിരുന്നു, ഞാൻ തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് താൽപ്പര്യമുള്ള മേഖലകളിൽ കഠിനാധ്വാനം ചെയ്യാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി,” അദ്ദേഹം ഓർമ്മിക്കുന്നു.1957-ൽ, യാദൃശ്ചികമായി വന്ന ഒരു ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ കുടുംബത്തിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യം അദ്ദേഹം ചെയ്യാൻ തീരുമാനിച്ചു. ഏഴ് വ്യത്യസ്ത തരം മാമ്പഴങ്ങൾ കായ്ക്കുന്ന ഒരു മരം അദ്ദേഹം നട്ടു.പക്ഷേ പ്രകൃതിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ആ വർഷമുണ്ടായ, കനത്ത വെള്ളപ്പൊക്കം ആ മരത്തെ പൂര്‍ണ്ണമായി നശിപ്പിച്ചു. എന്നാല്‍ അതില്‍ നിന്നും പുതിയ പാഠം പഠിക്കുകയായിരുന്നു ആ സ്ഥിരോത്സാഹി.“ആ ഒരു സാഹചര്യത്തിൽ നിന്നാണ്, വെള്ളപ്പൊക്കത്തില്‍ നിന്ന് മരങ്ങളെ രക്ഷിക്കാൻ എന്തു ചെയ്യണമെന്ന് ഞാൻ പഠിച്ചത്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തിരിച്ചടി നേരിട്ടെങ്കിലും, അദ്ദേഹം ഗ്രാഫ്റ്റിംഗ് പരീക്ഷിക്കാൻ തുടങ്ങി, അതിൽ തീവ്രമായ ഗവേഷണം ആരംഭിച്ചു. 1987 ആയപ്പോഴേക്കും, 22 ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലെ ഒരു മരത്തിൽ വ്യത്യസ്ത തരം മാമ്പഴങ്ങൾ ഗ്രാഫ്റ്റിംഗ് ചെയ്യാൻ തുടങ്ങി. അതൊരു വലിയ മാവായിരുന്നു. അതോടെ ഒരു നീണ്ട നൂതന യാത്രയുടെ തുടക്കമായി.“ആ മരത്തിന് ഇപ്പോൾ ഏകദേശം 125 വർഷം പഴക്കമുണ്ട്. അത് എന്റെ മുത്തച്ഛന്റേതാണ്, എന്നിട്ടും അത് ഇപ്പോഴും ആരോഗ്യത്തോടെ ഉയർന്നുനിൽക്കുന്നു. വൈവിധ്യമാർന്ന എല്ലാത്തരം മാമ്പഴങ്ങളേയും വഹിക്കുന്നു” അദ്ദേഹം പറയുന്നു.
ഒരു മരത്തില്‍ എങ്ങനെയാണ് 350 ഇനം മാമ്പഴങ്ങൾ കായ്ക്കാൻ തുടങ്ങിയത് ?
വർഷങ്ങൾ കടന്നുപോകുമ്പോൾ, മാമ്പഴ കൃഷിയിലൂടെ സാധ്യമായതിന്റെ അതിരുകൾ വികസിപ്പിക്കുകയെന്ന യത്നത്തില്‍ കലീമുള്ള മുഴുകി. അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശം അസാധാരണമായ ഒരു നേട്ടത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഇന്ന് 300 ലധികം ഇനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഒറ്റ വൃക്ഷത്തിൽ, ഓരോന്നിനും വ്യത്യസ്ത രുചി, നിറം, സുഗന്ധം എന്നിവയുണ്ട്. അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് സാങ്കേതികത മാത്രമല്ല, ഓരോ ഗ്രാഫ്റ്റിനും പിന്നിലെ സ്ഥിരതയും കൂടിയായിരുന്നു.
“എന്റെ ജീവിതത്തിൽ ഞാൻ എത്ര മരങ്ങൾ വളർത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എനിക്ക് ഈ അറിവ് സമ്മാനിച്ചിരിക്കുന്നത് സത്യത്തില്‍ മരങ്ങളാണ് ,” അദ്ദേഹം പറഞ്ഞു. “ആളുകൾ പലപ്പോഴും എന്നെ സ്വയം പഠിച്ച ശാസ്ത്രജ്ഞൻ എന്ന് വിളിക്കുന്നു, പക്ഷേ വാസ്തവത്തിൽ, എന്റെ അധ്യാപകര്‍ മരങ്ങളാണ് ” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കലിമുള്ളയുടെ മകൻ നസിമുള്ള ഖാൻ (57), ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി തോട്ടത്തില്‍ പിതാവിനോടൊപ്പമുണ്ട് .പിതാവിനെപോലെ മരങ്ങളാല്‍ ആകർഷിക്കപ്പെട്ട നസീമുള്ളയും 12-ാം ക്ലാസ്സിന് ശേഷം സ്വയം പഠനം ഉപേക്ഷിച്ചു. പിതാവിന്‍റെ പാതയിലേക്കിറങ്ങി.84 വയസ്സുള്ള ഖലീമുള്ള ഖാന്‍റെ മാമ്പഴങ്ങളുടെ പേരുകളും വിചിത്രമാണ്. അക്കൂട്ടത്തില്‍ ഐശ്വര്യ റായ് മുതല്‍ നരേന്ദ്ര മോദി വരെ പല പേരുകളിലുള്ള മാമ്പഴങ്ങളുണ്ട്.