Prathivaram
കണ്ടല്‍ കൂട്ട്
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങള്‍ ഹരിതാഭമാക്കാന്‍ കണ്ടല്‍കാട് വെച്ചുപിടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് ഈ മനുഷ്യന്‍. സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ കേരളത്തിലെ പുഴയോരങ്ങളും കായലോരങ്ങളും കടല്‍ത്തീരങ്ങളും കണ്ടല്‍ ചെടികളാല്‍ സമൃദ്ധമാക്കണമെന്നുള്ള സ്വപ്‌നമാണിദ്ദേഹത്തിന്.
നാടിനെ പച്ചപ്പണിയിക്കാന്‍ ഒരു മനുഷ്യന്റെ പരിശ്രമങ്ങള്‍ ശ്രദ്ധനേടുന്നത് അര്‍പ്പണ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്. കാസര്‍കോട് നീലേശ്വരം കടിഞ്ഞിമൂലയിലെ പി വി ദിവാകരൻ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത് നാട് പച്ചപ്പണിയിക്കാനാണ്. വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വവുമായ എല്ലാ ഔഷധ സസ്യങ്ങളും ശേഖരിച്ച് അവ സമൂഹത്തിനാകെ പ്രയോജനപ്പെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ 65 കാരന്‍. നാട് ഹരിതാഭമാക്കാന്‍ ദിവാകരന്‍ താണ്ടുന്നത് കിലോമീറ്ററുകളല്ല, ജീവിതം തന്നെയാണ്. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങള്‍ ഹരിതാഭമാക്കാന്‍ കണ്ടല്‍കാട് വെച്ചുപിടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് ഈ മനുഷ്യന്‍. സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ കേരളത്തിലെ പുഴയോരങ്ങളും കായലോരങ്ങളും കടല്‍ത്തീരങ്ങളും കണ്ടല്‍ ചെടികളാല്‍ സമൃദ്ധമാക്കണമെന്നുള്ള സ്വപ്‌നമാണിദ്ദേഹത്തിന്.
നന്നാറി മുതല്‍ നറുനീണ്ടി വരെ, നീല അമരി മുതല്‍ നീലക്കുറിഞ്ഞി വരെ ദിവാകരന്റെ ഔഷധത്തോട്ടത്തില്‍ 300ലധികം ഔഷധ സസ്യങ്ങളും വളരുന്നുണ്ട്. മദനപ്പൂവ്, കല്ലടല, കൊടവാഴ, ദന്ദപ്പാല, വയ്യങ്കദ, സൗഹൃദച്ചീര, അപൂര്‍വമായ കരിമരം, കമ്പകം, ഫേണ്‍ തുടങ്ങിയ മരങ്ങളും പൂതംകൊല്ലി, ഇരുപ്പ, നീറ്റം, അര്‍ബുദംകൊല്ലി, കമണ്ഡലു, രുദ്രാക്ഷം, ഭദ്രാക്ഷം തുടങ്ങിയ അപൂര്‍വ ഇനം സസ്യങ്ങളുമാണ് തോട്ടത്തിലുള്ളത്.
പരിസ്ഥിതി സംരക്ഷണത്തിന് കാര്‍ഷിക മേഖലയില്‍ നിന്ന് നൂതന കണ്ടുപിടിത്തങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഈ “പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍’. പുതിയ കാലത്ത് വ്യക്തികള്‍ അവനവനിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ ഇത്തരം വേറിട്ട മാതൃകകള്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുകയാണ്. ആദ്യകാലത്ത് കൂലിപ്പണിയിലും തോണി നിര്‍മാണത്തിലൂടെയുമായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്.
കണ്ടലിന്റെ ഹൃദയതാളമറിഞ്ഞ്…
കണ്ടല്‍ക്കാട് സംരക്ഷിക്കാന്‍ പഴയങ്ങാടിയിലെ കല്ലേൻ പൊക്കുടന്‍ സ്വീകരിച്ച മാതൃക ദിവാകരന്‍ പ്രായോഗികമാക്കി. വടക്കേ മലബാറിലെ പുഴയോരത്തും, ചതുപ്പ് നിലങ്ങളിലും വളരുന്ന കണ്ടലുകളെല്ലാം സമാഹരിച്ച് പുഴയോരത്ത് നട്ടുപിടിപ്പിച്ച് തീരശോഷണം തടയാന്‍ പദ്ധതി തയ്യാറാക്കി. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ മുതല്‍ തിരുവനന്തപുരം വരെ കടല്‍ത്തീരത്തും പുഴയോരത്തും കായലോരത്തും കണ്ടല്‍ നട്ട് തീരശോഷണം തടയാനുള്ള സ്വപ്‌ന പദ്ധതിയിലാണ് ഇദ്ദേഹം. ഒരു പതിറ്റാണ്ടിനിടയില്‍ ലക്ഷത്തിലധികം കണ്ടലുകളാണ് ദിവാകരന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തീരങ്ങളില്‍ വെച്ചുപിടിപ്പിച്ചത്. കാലവര്‍ഷത്തില്‍ കരയിടിച്ചില്‍ പതിവായ വടക്കേ മലബാറിലെ പുഴകള്‍ സംരക്ഷിക്കാന്‍ കണ്ടല്‍ക്കാടുകള്‍ എന്തുകൊണ്ടും പര്യാപ്തമാകുമെന്ന് ദിവാകരന്‍ തെളിയിച്ചു.
കണ്ടല്‍ചെടികള്‍ ഉപ്പുവെള്ളത്തില്‍ മാത്രമേ വളരൂവെന്ന ധാരണ തിരുത്തിക്കുറിക്കുക കൂടി ചെയ്തു ദിവാകരന്‍. ശുദ്ധജലത്തില്‍ വളരുന്ന കണ്ടലുകള്‍ വികസിപ്പിച്ചെടുത്തത് ദിവാകരന്റെ നിരന്തര ശ്രമഫലമായാണ്. പുഴയോരത്ത് മതില്‍കെട്ടി മണ്ണൊലിപ്പ് തടയുന്നതില്‍ എത്രയോ ഗുണപ്രദമാണ് കണ്ടല്‍ചെടി വെച്ചുപിടിപ്പിക്കുന്നതെന്ന് അദ്ദേഹം സ്വന്തം പരീക്ഷണത്തിലൂടെ തെളിയിച്ചു. നീലേശ്വരം മുതല്‍ കാര്യങ്കോട് കക്കാട് വരെയുള്ള ദിവാകരന്‍ നട്ടുപിടിപ്പിച്ച കണ്ടലുകളാണ് ഇതില്‍ ഏറ്റവും പ്രധാനം.
കണ്ടല്‍ ധാരാളമായുള്ള സ്ഥലങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിക്കുന്നുണ്ട്. കണ്ടലിന്റെ വേര് ആഴത്തില്‍ പിടിച്ചിരിക്കുന്നതിനാല്‍ പല പ്രകൃതി ദുരന്തങ്ങളില്‍ പോലും കരയെ സംരക്ഷിക്കാ ൻ കണ്ടലിനാകും. രാവിലെ തന്റെ ജോലി കഴിഞ്ഞ് മുഴുവന്‍ സമയവും കണ്ടല്‍ ശേഖരിക്കാനായി കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇദ്ദേഹം പോകാറുണ്ട്. കണ്ടല്‍ വിത്തുകള്‍ ശേഖരിച്ച് സ്വന്തമായി നഴ്‌സറിയും തുടങ്ങി. ഭ്രാന്തന്‍ കണ്ടല്‍, നല്ല കണ്ടല്‍, ഊപ്പൂറ്റി കണ്ടല്‍, പൂ കണ്ടല്‍, ആപ്പിള്‍ കണ്ടല്‍ തുടങ്ങി 16ലധികം കണ്ടലുകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
“ജീവനം’ പദ്ധതി
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കോളജുകള്‍ക്കും ജൈവ ഔഷധത്തോട്ടം നിര്‍മിച്ച് നല്‍കി ദിവാകരന്‍ വേറിട്ട വഴിയിലൂടെ “ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാലയങ്ങളിലും കോളജുകളിലും ഔഷധത്തോട്ടമൊരുക്കി. അപൂര്‍വമായി കാണുന്ന നീലക്കൊടുവേലി മുതല്‍ നീലക്കുറിഞ്ഞി വരെ നീണ്ടുനില്‍ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഔഷധത്തോട്ടത്തിലെ സസ്യങ്ങള്‍. തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രമേ നീലക്കുറിഞ്ഞി വളരൂവെന്ന ധാരണ തിരുത്തുക കൂടിയായിരുന്നു ഇദ്ദേഹത്തിന്റെ പരിശ്രമഫലം. വീട്ടുപറമ്പില്‍ ഇല്ലാത്ത സസ്യങ്ങള്‍ അപൂര്‍വമാണ്.
മുന്നൂറിലധികം വൈവിധ്യങ്ങളായ സസ്യങ്ങളാണ് ഇവിടെ വളരുന്നത്. വിപണിയില്‍ ആയിരം രൂപ വരെ വില വരുന്ന ചെടികള്‍ പോലും ദിവാകരന്‍ സൗജന്യമായാണ് വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്. ഔഷധത്തോട്ടമൊരുക്കാന്‍ ദിവാകരനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരും ഇവിടെയെത്താറുണ്ട്. ഓരോ സസ്യങ്ങളുടെയും ഗുണഫലങ്ങള്‍ ദിവാകരന് ഹൃദിസ്ഥമാണ്. സെമിനാറുകളിലും മെഗാ ഷോകളിലും ഇദ്ദേഹം തന്റെ സസ്യങ്ങളുമായി എത്തുന്നു. സസ്യങ്ങള്‍ നിരത്തിവെച്ച് കെട്ടുകാഴ്ച ഒരുക്കുകയല്ല, ഓരോ സസ്യത്തിന്റെയും ഗുണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ജനങ്ങളെ ബോധവത്കരിക്കുകകൂടിയാണ്.
ജീവിത പ്രാരബ്ധം മൂലം ചെറുപ്പത്തിലേ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ദിവാകരന്‍ തന്റെ നടത്തത്തിലെല്ലാം പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് സമയം കണ്ടെത്തുകയായിരുന്നു. അറിയുന്നതും അറിയാത്തതുമായ ചെടികളെക്കുറിച്ച് കൃഷി ശാസ്ത്രജ്ഞരോടും പണ്ഡിതന്മാരോടും ചോദിച്ച് മനസ്സിലാക്കുകയും അവ കുറിച്ചുവെക്കുകയുമാണ്. ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഇദ്ദേഹം ഒരു പാഠപുസ്തകമാണ്.
കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ പോലും സംശയ നിവാരണത്തിനായി ദിവാകരനെ സമീപിക്കുന്നത് പതിവാണ്. പുതുതായി കണ്ടെത്തുന്ന ഓരോ ചെടിയെക്കുറിച്ചും സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ കേന്ദ്രം ദിവാകരനെ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞനായി തിരഞ്ഞെടുത്തത്.
അവാര്‍ഡുകള്‍
അംഗീകാരങ്ങള്‍
ദിവാകരനെന്ന അന്വേഷണ കുതുകിയെ തേടിയെത്തിയത് നിരവധി അവാര്‍ഡുകളാണ്.സര്‍ക്കാരോ, സര്‍വകലാശാലകളോ, കാര്‍ഷിക വിദഗ്ധരോ സാധാരണ നിലയില്‍ അംഗീകരിക്കാത്ത കണ്ടുപിടിത്തങ്ങള്‍ അംഗീകരിക്കേണ്ടിവന്നത് ദിവാകരന്റെ പരീക്ഷണങ്ങളിലുണ്ടായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നിരന്തരമായ നിരീക്ഷണവും, ജാഗ്രതയും ഇദ്ദേഹത്തെ ഒരു പ്രാദേശിക ഗവേഷകനായി വളര്‍ത്തുകയായിരുന്നു.
സര്‍ക്കാറിന്റെ വനമിത്ര പുരസ്കാരം, പ്രകൃതി മിത്ര, മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള പുരസ്കാരം, ജൈവ വൈവിധ്യ ബോര്‍ഡിന്റെ മികച്ച ഹരിത വ്യക്തി പുരസ്കാരം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രത്യേക പുരസ്കാരം, സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം, ഫാ. മാത്യു വടക്കേമുറി പുരസ്കാരം, 2018ലെ മൃഗസംരക്ഷണ വകുപ്പിന്റെ സുരഭി അവാര്‍ഡ്, ശ്രേഷ്ഠ ഔഷധസസ്യ മിത്ര അവാര്‍ഡ്, കതിര്‍ അവാര്‍ഡ് എന്നിവയെല്ലാം ഇദ്ദേഹത്തെ തേടിയെത്തി. ഭാര്യ രേണുകയും മക്കളായ രാകേഷ്, രൂപേഷ്, രൂപിക എന്നിവരും ദിവാകരന്റെ പരീക്ഷണങ്ങള്‍ക്ക് ഒപ്പമുണ്ട്. ധനസമ്പാദനത്തിനല്ല നഷ്ടമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ ജൈവ സസ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും കണ്ടലിന്റെ സാധ്യതകള്‍ തൊട്ടറിയുകയും ചെയ്യുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ദിവാകരന്‍ പറയുന്നു. തേടിയെത്തുന്ന ഓരോരുത്തരോടും സൗഹൃദത്തോടെ ഔഷധസസ്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഒരാളെയും നിരാശപ്പെടുത്താറില്ല, കടലോളം കഥ എന്ന പോലെ ഓരോ സസ്യത്തിന്റെയും വേര് മുതല്‍ തിരിയോളം നാമ്പെടുക്കുന്ന അറിവുകള്‍ പങ്കുവെക്കുകയും ചെയ്യുന്നു ഈ ഹരിതമിത്രം.
.