National
ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; സത്യപ്രതിജ്ഞ ബുധനാഴ്ച
പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു
അഗര്‍ത്തല | ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. അതേ സമയം പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മാണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതോടെയായിരുന്നു പ്രതിമക്ക് വേണ്ടി വാദമുയര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ വനിതകളുടെ പിന്തുണ കൂടുതല്‍ കിട്ടിയെന്ന വിലയിരുത്തലും പ്രതിമയ്ക്ക് പരിഗണന കിട്ടുമെന്ന നിലയില്‍ ചര്‍ച്ചയായിരുന്നു.എങ്കിലും തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക്ക് സാഹക്ക് ഒപ്പമായിരുന്നു ദേശീയ നേതൃത്വം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മണിക്ക് സാഹയെ 2022 ലാണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ലബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയില്‍ മണിക്ക് സാഹ ഇരുന്നത്.