Ongoing News
ഗുജറാത്തിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മണിപ്പൂര്‍
മലപ്പുറം | സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മണിപ്പൂര്‍. ഇതോടെ ഗ്രൂപ്പ് ബി പോയിന്റ് പട്ടികയില്‍ മണിപ്പൂര്‍ ഒന്നാമതെത്തി. അതേസമയം, തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗുജറാത്തിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. ആദ്യ മത്സരത്തില്‍ അവര്‍ സര്‍വീസസിനോട് 3-1ന് തോറ്റിരുന്നു. ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ് ഗുജറാത്ത്.
മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍ നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ഥ് സുരേഷ് നായരുടെ സെല്‍ഫ് ഗോളും അവര്‍ക്ക് തുണയായി. 47ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡെടുത്തു. നഗരിയബം ജെനിഷ് സിംഗ് നല്‍കിയ പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്‍ജം ക്രോസ് ലക്ഷ്യമിട്ട് നല്‍കിയ പന്ത് സെക്കന്‍ഡ് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്നിറങ്ങി. 67ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് അകത്തേക്ക് സോമിഷോന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ ഗുജറാത്തിന്റെ സിദ്ധാര്‍ഥ് സുരേഷ് നായരുടെ പിഴവില്‍ സെല്‍ഫ് ഗോളായി.
71 ാം മിനുട്ടില്‍ ഗുജറാത്തിന് മികച്ച അവസരം ലഭിച്ചു. വലതു വിംഗില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. മണിപ്പൂര്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അബുജാര്‍ തട്ടി അകറ്റിയതില്‍ നിന്ന് ലഭിച്ച അവസരം മുതലാക്കാന്‍ ഗുജറാത്തിന് കഴിഞ്ഞില്ല.
അടിതെറ്റി സര്‍വീസസ്; വീഴ്ത്തിയത് കര്‍ണാടക
മഞ്ചേരി | സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിന് അടിതെറ്റി. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കര്‍ണാടകയാണ് പട്ടാളടീമിനെ വീഴ്ത്തിയത്. ഇതോടെ സര്‍വീസസിന്റെ സെമി ഫൈനല്‍ യോഗ്യതക്ക് മങ്ങലേറ്റു. അന്‍കിത് ഉഗ്രനാണ് വിജയ ഗോള്‍ നേടിയത്. 38ാം മിനുട്ടില്‍ വലതു വിംഗില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍കിയ പാസ്സ് അന്‍കിത് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ രണ്ട് മത്സങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ കര്‍ണാടക ഗ്രൂപ്പില്‍ ഒഡീഷക്കൊപ്പമെത്തി.
ഇരു ടീമുകള്‍ക്കും തുല്യ പോയിന്റും തുല്യ ഗോള്‍ ശരാശരിയുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവുമായി മൂന്ന് പോയിന്റാണ് സര്‍വീസസിനുള്ളത്.