Connect with us

manipur

മണിപ്പൂര്‍ വീണ്ടും കത്തുന്നു; ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം

കുക്കി സ്ത്രീയും വിമുക്ത ഭടനും കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാല്‍ | മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം. ചെറിയ ഇടവേളയ്ക്കു ശേഷം മേഖല വീണ്ടും കത്തുകയാണ്.

തൗബലില്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്‌തെയ് പതാക ഉയര്‍ത്തി. കാങ്‌പോക്പി സ്വദേശിയായ കുക്കി വിമുക്ത ഭടനെ ഇംഫാല്‍ വെസ്റ്റില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തങ്ങ്ബുഹ് ഗ്രാമത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു. തീവ്ര കുക്കിസംഘടനകള്‍ താഴ്വരയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധമാണ് അതിരുവിട്ടത്. മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗവര്‍ണര്‍ എല്‍ ആചാര്യയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

പോലീസിന്റെ പ്രതിരോധങ്ങള്‍ തകര്‍ത്തുകൊണ്ട് വിദ്യാര്‍ഥികള്‍ രാജ്ഭവന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരില്‍ ഏറെയും ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ്. സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങള്‍ അടച്ചെങ്കിലും വിദ്യാര്‍ഥികള്‍ തെരുവിലാണ്. സി ആര്‍ പി എഫ് വാഹനത്തെയും വിദ്യാര്‍ഥികള്‍ ആക്രമിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. തൗബല്‍ കലക്ടറേറ്റില്‍നിന്ന് ദേശീയപതാക അഴിച്ചുമാറ്റി മെയ്‌തെയ് പതാകയും കരിങ്കൊടിയും ഉയര്‍ത്തുമ്പോള്‍ പ്രതിഷേധക്കാര്‍ ഹര്‍ഷാരവം മുഴക്കി.

 

Latest