National
മണിപ്പൂര്‍ സംഘര്‍ഷം; മാപ്പ് ചോദിച്ച് മുഖ്യമന്ത്രി
സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി പുതു ജീവിതം ആരംഭിക്കണമെന്ന് അഭ്യര്‍ഥന
ന്യൂഡല്‍ഹി | മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എന്‍ ബീരേണ്‍ സിംഗ്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ മെയ് മൂന്ന്് മുതല്‍ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ബീരേണ്‍ സിംഗ് പറഞ്ഞു.
നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേര്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നല്‍കുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ട്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ കഴിഞ്ഞ തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി ഒരു പുതിയ ജീവിതം ആരംഭിക്കണം. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒത്തരുമയോടെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.