National
മണിപ്പൂര്‍ സംഘര്‍ഷം: ഇന്റര്‍നെറ്റ് വിലക്ക് മെയ് 13 വരെ നീട്ടി
ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
ഇംഫാല്‍| സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍നെറ്റ് വിലക്ക് മെയ് 13 വരെ നീട്ടി. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ജനങ്ങള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് ബിരേന്‍ അഭ്യര്‍ത്ഥിച്ചു.
മണിപ്പൂരില്‍, ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് ഏരിയയില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ റാലിയില്‍ പങ്കെടുത്തു. ഗോത്രവര്‍ഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.