Manipur violence
മണിപ്പൂർ സംഘർഷം: അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീം കോടതി
കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
ന്യൂഡൽഹി | മണിപ്പൂർ കലാപക്കേസുകളിൽ വിപുലമായ അന്വേഷണത്തിന് സമിതി രൂപീകരിച്ച് സുപ്രീം കോടതി. കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് നടക്കുന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കോടതി മേൽനോട്ട സമിതി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദമായ വിധിപ്രഖ്യാപനം വൈകീട്ടുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, മലയാളിയായ ജസ്റ്റിസ് ആശാ മേനോൻ എന്നിവരും അംഗങ്ങളാണ്. ഡി വൈ എസ് പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ ജില്ല തിരിച്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുമെന്ന് കേന്ദ്ര സര്ക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വംശീയ അക്രമത്തെക്കുറിച്ചും ഭരണകൂടം ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മണിപ്പൂർ ഡിജിപി രാജീവ് സിംഗ്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നു.