Connect with us

From the print

മണിപ്പൂര്‍: അവിശ്വാസ പ്രമേയത്തില്‍ എട്ട് മുതല്‍ ചര്‍ച്ച; പ്രധാന മന്ത്രിയുടെ മറുപടി പത്തിന്

മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശക സമിതി തീരുമാനിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ‘ഇന്ത്യ’ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഈ മാസം എട്ട് മുതല്‍ ചര്‍ച്ച. മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശക സമിതി തീരുമാനിച്ചു. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചക്ക് മറുപടി നല്‍കും.

അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ച ഉപദേശക സമിതി യോഗം ഇന്ത്യ സഖ്യവും ബി ആര്‍ എസും ബഹിഷ്‌കരിച്ചിരുന്നു. പ്രമേയം ഉടന്‍ പരിഗണിക്കണമെന്ന് നിര്‍ബന്ധിക്കുന്ന ചട്ടങ്ങളോ നടപടിക്രമങ്ങളോ ഇല്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതനുസരിച്ചാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 11 വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട്, സമ്മേളനം ആരംഭിച്ച ദിവസം മുതല്‍ പ്രതിപക്ഷ സഖ്യം പ്രതിഷേധത്തിലാണ്. ചട്ടം 267 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് ലോക്സഭാംഗം ഗൗരവ് ഗൊഗോയിയും ബി ആര്‍ എസ് അംഗവുമാണ് നോട്ടീസ് നല്‍കിയത്. ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്സും പിന്തുണച്ചു. പ്രമേയത്തിന് നേരത്തേ അനുമതി നല്‍കിയെങ്കിലും അതിന്മേലുള്ള ചര്‍ച്ചക്ക് തീയതി നിശ്ചയിക്കാന്‍ സ്പീക്കര്‍ തയ്യാറായിരുന്നില്ല.

ആശങ്കയില്ല
കേവല ഭൂരിപക്ഷമുള്ള മോദി സര്‍ക്കാറിന് അവിശ്വാസ പ്രമേയത്തില്‍ ആശങ്കയില്ല. ഒഴിവുള്ള അഞ്ച് സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍, ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 538 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270. എന്‍ ഡി എക്ക് 334 പേരുടെ പിന്തുണയുണ്ട്. ഇന്ത്യ സഖ്യം 147, മറ്റുള്ളവര്‍ 57 എന്നിങ്ങനെയാണ് ശേഷിക്കുന്ന കക്ഷിനില. മറ്റു കക്ഷികളില്‍ 22 അംഗങ്ങളുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സും 12 അംഗങ്ങളുള്ള ബി ജെ ഡിയും സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ പ്രതിപക്ഷ അവിശ്വാസ പ്രമേയം 126നെതിരെ 325 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

സര്‍ക്കാറിനെതിരെ അവിശ്വാസം തെളിയിക്കുകയല്ല, മണിപ്പൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയെ കൊണ്ട് സഭയില്‍ പ്രസ്താവന നടത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യ സഖ്യം പറയുന്നു. ഈ സഖ്യം രൂപവത്കരിച്ച ശേഷമുള്ള ആദ്യ അവിശ്വാസ പ്രമേയമായതിനാല്‍ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി ചര്‍ച്ചയില്‍ വ്യക്തമാകും. ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ എത്തിയാല്‍ മാത്രമേ അത് നടക്കുകയുള്ളൂവെന്നും കോണ്‍ഗ്രസ്സ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ഇന്നലെയും പ്രതിഷേധം അലയടിച്ചു. ലോക്സഭയും രാജ്യസഭയും ചേര്‍ന്നപ്പോള്‍ തന്നെ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം മുദ്രാവാക്യം വിളിച്ചു. ഹ്രസ്വ ചര്‍ച്ചക്ക് സമയം അനുവദിച്ചിട്ടും പ്രതിപക്ഷം തയ്യാറായില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളും ഇന്നലെത്തേക്ക് പിരിഞ്ഞു.

‘ഇന്ത്യ’ ഇന്ന് രാഷ്ട്രപതിയെ കാണും
മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കിയ ഇന്ത്യ സഖ്യത്തിലെ എം പിമാര്‍ ഇന്ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11.30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ സന്ദര്‍ശിച്ച സഖ്യത്തിലെ എം പിമാര്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ കാണുക. ഹരിയാനയില്‍ നടക്കുന്ന സംഘര്‍ഷവും എം പിമാര്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

 

Latest