From the print
മണിപ്പൂര്‍ കത്തുന്നു; ഗവര്‍ണര്‍ സംസ്ഥാനം വിട്ടു
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു.
ഇംഫാല്‍ | മണിപ്പൂര്‍ സര്‍ക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി ജി പിയെയും മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായതോടെ ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായി റിപോര്‍ട്ട്. മണിപ്പൂരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ മണിപ്പൂര്‍ വിട്ട് ഗുവാഹത്തിയിലേക്ക് പോയെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇക്കാര്യം രാജ്ഭവന്‍ വൃത്തങ്ങള്‍ നിഷേധിച്ചു. ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ ഗുവാഹത്തിയിലേക്ക് പോയെന്നാണ് അധികൃതര്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥി പ്രതിനിധികള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് രാജ്ഭവന്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും താത്പര്യം മുന്‍നിര്‍ത്തി ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെങ്കിലും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇംഫാലില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷം മുന്നില്‍ക്കണ്ട് തലസ്ഥാനത്ത് ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനം അഞ്ച് ജില്ലകളില്‍ പുനഃസ്ഥാപിച്ചെങ്കിലും മൊബൈല്‍ ഡാറ്റ ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മണിപ്പൂര്‍ സര്‍വകലാശാലയിലെ മുഴുവന്‍ ബിരുദ പരീക്ഷകളും മാറ്റിവെച്ചു.
അതിനിടെ, ജിരിബാം ജില്ലയില്‍ ഒരു സംഘം ആളുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. ബോറോബെക്രയില്‍ പോലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയാണ് അക്രമികള്‍ കത്തിച്ചത്. ആക്രമം നടക്കുന്‌പോള്‍ ആശുപത്രിക്കകത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ട്.