Connect with us

National

മോദിക്കും ബിജെപിക്കും ആർഎസ്എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല: രാഹുൽ

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇംഫാലിൽ ഉജ്ജ്വല തുടക്കം

Published

|

Last Updated

ഇംഫാൽ | നരേന്ദ്ര മോദിക്കും ബിജെപിക്കും ആർ എസ് എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ ജനങ്ങളുടെ കണ്ണീർ തുടയ്ക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി വരാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കം കുറിച്ച് ഇംഫാലിലെ ഥൗബയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ രാഷ്ട്രീയം കാരണം മണിപ്പൂരിന് അമൂല്യമായ പലതും നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു. നിങ്ങൾ പറയുന്നത് കേൾക്കാനും നിങ്ങളുടെ വേദന പങ്കിടാനും ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ നഷ്ടവും സങ്കടവും ഞങ്ങൾ മനസ്സിലാക്കുന്നു. മണിപ്പൂരിൽ ഐക്യവും സമാധാനവും തിരികെ കൊണ്ടുവരും. യോജിപ്പും സമത്വവുമാണ് പുതിയ ഇന്ത്യയെകുറിച്ചുള്ള കോൺഗ്രസിന്റെ കാഴ്ച്ചപ്പാടെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ വർഷം നടത്തിയതുപോലെ കാൽനടയായി തന്നെ ഈ (ഭാരത് ജോഡോ ന്യായ്) യാത്രയും നടത്താനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കാൽനടയായി നടക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും. അതിനാലാണ് ഈ യാത്ര ഹൈബ്രിഡ് മോഡിൽ നടത്താൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ കിഴക്കേ അറ്റ് നിന്ന് തുടങ്ങി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോയി പടിഞ്ഞാറേ അറ്റത്ത് സമാപിക്കുന്ന യാത്ര 66 ദിവസം നീണ്ടു നിൽക്കും. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.

ഇംഫാലിലെ പാലസ് ഗ്രൗണ്ടിലാണ് നേരത്തെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ സർക്കാർ അനുമതി നിഷേധിച്ചതോടെ ഥൗബലിലേക്ക് മാറ്റുകയായിരുന്നു.

Latest