Connect with us

From the print

മണിപ്പൂര്‍: വനിതാ ജഡ്ജിമാരുടെ റിപോര്‍ട്ട് സുപ്രീം കോടതിയില്‍

അക്രമത്തിന് ഇരയായാവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് സമിതി

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച വനിതാ ജഡ്ജിമാരുടെ സമിതി സുപ്രീം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായ സമിതി അക്രമത്തെ സംബന്ധിച്ച കണ്ടെത്തലും നിര്‍ദേശങ്ങളും അടങ്ങുന്ന മൂന്ന് റിപോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. അക്രമത്തിന് ഇരയായാവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.

സംഘര്‍ഷത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ വീണ്ടും നല്‍കേണ്ടതുണ്ടെന്ന് റിപോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ടതിനോടൊപ്പം രേഖകള്‍ കൂടി നഷ്ടമായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് പോലുള്ള നിര്‍ണായക തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നഷ്ടപ്പെട്ട രേഖകളുടെ പുനരുജ്ജീവനത്തിന് സഹായകരമായ നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. ഇരകളുടെ നഷ്ടപരിഹാര പദ്ധതി നവീകരിക്കുകയും ഇതിന് ഒരു നോഡല്‍ അഡ്മിനിട്രേഷന്‍ വിദഗ്ധനെ നിയോഗിക്കുകയും വേണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എന്‍ എ എസ് എല്‍ എ പദ്ധതിക്ക് അനുസൃതമായി നഷ്ടപരിഹാര ചട്ടക്കൂട് മെച്ചപ്പെടുത്തണം. മറ്റ് നഷ്ടപരിഹാര പദ്ധതിക്കു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിച്ച ഇരകളെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. കേസിന്റെ നടപടികളുടെ ഭരണപരമായ വശങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഒരു നോഡല്‍ അഡ്മിനിസ്‌ട്രേറ്റീവ് വിദഗ്ധന്റെ ആവശ്യമുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് രേഖപ്പെടുത്തി.

 

Latest