Connect with us

manipur riot

മണിപ്പൂര്‍ കലാപം: 27 കേസുകള്‍ സി ബി ഐ ഏറ്റെടുത്തു

ഇതില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളത്

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂര്‍ കലാപത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ 27 കേസുകള്‍ സി ബി ഐ ഏറ്റെടുത്തു. ഇതില്‍ 19 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സി ബി ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികള്‍ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
വിചാരണ ഉള്‍പ്പെടെ നടപടികള്‍ ഓണ്‍ലൈനായി നടത്തണം. പ്രതികളും പരാതിക്കാരും നേരിട്ട് അസമില്‍ എത്തേണ്ടതില്ല. കേസില്‍ നേരിട്ട് ഹാജരാകാന്‍ താല്‍പര്യമുള്ളവരെ തടയില്ലെന്നും കോടതി വ്യക്തമാക്കി.

 

വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ നീതീ ഉറപ്പാക്കാന്‍ ന്യായമായ വിചാരണനടപടികള്‍ വേണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

വിചാരണ നടപടികള്‍ക്കായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനേയും സെഷന്‍സ് ജഡ്ജിമാരെയും നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവര്‍. പ്രതികളെ ഹാജരാക്കല്‍, റിമാന്‍ഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍ എന്നീ അപേക്ഷകള്‍ക്ക് ഈ ജഡ്ജിമാരെ സി ബി ഐ സമീപിക്കണം.

എന്നാല്‍ സാക്ഷികളുടെ രഹസ്യമൊഴി മണിപ്പൂര്‍ ഹൈക്കോടതി നിയമിക്കുന്ന ജഡ്ജിമാര്‍ നേരിട്ടെത്തി രേഖപ്പെടുത്തണം. ഇതിനായി മണിപ്പൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നടപടി സ്വീകരിക്കണം.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഓണ്‍ലൈനായി ഈ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ നടത്തണം. കേസുകളുടെ വിചാരണ നടപടികള്‍ തടസമില്ലാതെ നടത്താന്‍ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

 

 

Latest