Connect with us

National

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ കുറയുന്നു; നിരോധനാജ്ഞയില്‍ ഇന്ന് ഇളവ്

സംഘര്‍ഷമുണ്ടായ ചുരാചാന്ദ്പുരില്‍ രാവിലെ ഏഴ് മുതല്‍ 10 വരെയാണ് നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് നിരോധനാജ്ഞയില്‍ ഇന്ന് താത്ക്കാലിക ഇളവ് ഏര്‍പ്പെടുത്തി. സംഘര്‍ഷമുണ്ടായ ചുരാചാന്ദ്പുരില്‍ രാവിലെ ഏഴ് മുതല്‍ 10 വരെയാണ് നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. സംസ്ഥാനത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്രവര്‍ഗ മേഖലകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികളെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് അധികൃതര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയിട്ടുണ്ട്. സംഘര്‍ഷത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും സൈന്യം കാവല്‍ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയോഗിച്ചിട്ടുള്ളത്.

 

Latest