Connect with us

Editorial

മണിപ്പൂര്‍: പ്രധാനമന്ത്രി മിണ്ടിയല്ലോ, നല്ലത്

എന്താണ് മണിപ്പൂരിലെ അടിസ്ഥാന പ്രശ്‌നം? അകം വേവുന്ന മണിപ്പൂരില്‍ ദീര്‍ഘകാല സമാധാനത്തിന് എന്താണ് വേണ്ടത്? ഈ കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്കെത്ര? പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്? നിരവധി ചോദ്യങ്ങളുണ്ട്. അടുത്ത മന്‍ കി ബാത്തിലെങ്കിലും പ്രധാനമന്ത്രി മറുപടി പറയുമോ?

Published

|

Last Updated

ഒടുവില്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിരിക്കുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്ത് രൂക്ഷമായ കലാപവും അക്രമ ഗൂഢാലോചനയും തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി അതേ കുറിച്ച് മിണ്ടുന്നില്ലെന്നത് എത്ര ഭീകരമാണ്. മറ്റെല്ലാ വിഷയത്തിലും വാചാലനാകുന്ന മോദിക്ക് ഇക്കാര്യത്തില്‍ മാത്രം മൗനം ഭജിക്കേണ്ടി വന്നത് മറുപടിയില്ലാത്തത് കൊണ്ടായിരുന്നു. പ്രതിപക്ഷം നിരന്തരം പ്രകോപിപ്പിച്ചിട്ടും അദ്ദേഹം നിശബ്ദത തുടരുകയായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി കാര്യങ്ങള്‍ പലതും മാറ്റുകയാണ്. രാജ്യത്ത് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമുണ്ടെന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിയും സംഘവും നിര്‍ബന്ധിതരായിരിക്കുന്നു. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം സമീപകാല ചരിത്രത്തിലെ ഏറ്റവും മനോഹരമായ ജനാധിപത്യ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ് അഗ്‌നിവീര്യത്തോടെ എഴുന്നേറ്റു നില്‍ക്കുന്നത് രാജ്യം കണ്ടു. ഹിന്ദുവും ഹിന്ദുത്വവും കടലകലമുള്ള രണ്ട് ആശയങ്ങളാണെന്ന രാഹുലിന്റെ സമര്‍ഥനം ബി ജെ പിയെ ശരിക്കും നിരായുധമാക്കി.

പ്രതിപക്ഷത്തെ നിശബ്ദമാക്കുകയെന്ന പതിവ് പരിപാടി പാര്‍ലിമെന്റിന്റെ ഇരു സഭയിലും വിലപ്പോയില്ല. ഈ സമ്മേളനത്തില്‍ ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ട വിഷയങ്ങളിലൊന്ന് മണിപ്പൂര്‍ ആയിരുന്നു. ആ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റിലും വിജയിച്ചതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസ്സിന്റെ ഇടപെടലില്‍ മുഴുവന്‍ കാണാമായിരുന്നു. മണിപ്പൂരില്‍ നിന്നുള്ള പാര്‍ട്ടി എം പി. എ ബിമോല്‍ അകോയ്ജം വൈകാരികമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇരു സഭകളിലും പ്രതിപക്ഷം മണിപ്പൂര്‍ വിഷയം ഉന്നയിച്ച് നിരന്തരം പ്രതിഷേധമുയര്‍ത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് പ്രധാനമന്ത്രി വാ തുറന്നത്. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും സംഘര്‍ഷം ആളിക്കത്തിക്കുന്നവരെ ജനം തിരസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളുടെ എണ്ണവും അറസ്റ്റിലായവരുടെ എണ്ണവും നിരത്തിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ കുറഞ്ഞുവരികയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളും കോളജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നിരിക്കുന്നുവെന്നതാണ് ഇതിന് തെളിവായി അദ്ദേഹം മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി അത്രയെങ്കിലും പറഞ്ഞല്ലോ, നല്ലത്. എന്നാല്‍ അദ്ദേഹം പറയാതെ പോയതാണ് കൂടുതല്‍. എന്താണ് മണിപ്പൂരിലെ അടിസ്ഥാന പ്രശ്നം? അകം വേവുന്ന മണിപ്പൂരില്‍ ദീര്‍ഘകാല സമാധാനത്തിന് എന്താണ് വേണ്ടത്? ഈ കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്കെത്ര? പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്? നിരവധി ചോദ്യങ്ങളുണ്ട്. അടുത്ത മന്‍ കി ബാത്തിലെങ്കിലും പ്രധാനമന്ത്രി മറുപടി പറയുമോ?

സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ സമിതി രൂപവത്കരിച്ചെങ്കിലും പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം മെയ്തെയ്- കുകി സമൂഹങ്ങള്‍ക്കിടയിലുണ്ടാക്കിയ അകല്‍ച്ച അങ്ങനെ തന്നെ തുടരുകയാണ്. ബി ജെ പി സര്‍ക്കാറിന്റെ വിവേചനപരമായ സമീപനങ്ങളാണ് സംഘര്‍ഷത്തിന്റെ പ്രത്യക്ഷ കാരണമായത്. പക്ഷപാതപരമായി മെയ്തെയ്കളെ പിന്തുണക്കുകയും ഏറെയും ക്രിസ്തുമത വിശ്വാസികളായ കുകികളെ എല്ലാ അര്‍ഥത്തിലും തഴയുകയുമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍, മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം പ്രശ്നത്തിന് അടിയന്തര കാരണമായി. ഈ നയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്തെയ്കള്‍ കടന്നു കയറുന്നതിന് ഇടയാക്കുമെന്ന് സ്വാഭാവികമായും കുകി, നാഗാ വിഭാഗങ്ങള്‍ ഭയന്നു. കുകികള്‍ക്കിടയിലെ ചില തീവ്ര ഗ്രൂപ്പുകള്‍ ഇത് അവസരമായെടുത്തു. കുകികളെ നുഴഞ്ഞുകയറ്റക്കാരും വനം കൊള്ളക്കാരുമായി ചിത്രീകരിക്കുന്നതാണ് മറ്റൊരു പ്രശ്നം.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മെയ്തെയ്- കുകി സംഘര്‍ഷത്തിന്റെയും സംശയത്തിന്റെയും തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന കലാപമെന്ന വിലയിരുത്തല്‍ തിരുത്തേണ്ടിയിരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള ആക്രമണമായി കലാപം മാറിയെന്ന വസ്തുത കണക്കിലെടുത്തേ തീരൂ. ചര്‍ച്ചുകളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. സംവരണ വിഷയത്തിലെ കോടതി വിധി മറയാക്കി കലാപം സൃഷ്ടിക്കുകയും അതിന്റെ പഴുതില്‍ ക്രിസ്ത്യന്‍ വേട്ടക്ക് കളമൊരുക്കുകയും ചെയ്യുകയെന്ന തിരക്കഥ എവിടെയോ എഴുതപ്പെട്ടുവെന്ന് വേണം മനസ്സിലാക്കാന്‍. ഇക്കാര്യങ്ങള്‍ അംഗീകരിക്കാതെ പ്രതിപക്ഷത്തെ ഉന്നം വെച്ച്, ആരോ എരിതീയില്‍ എണ്ണയൊഴിച്ചുവെന്ന് കുറ്റപ്പെടുത്തിയത് കൊണ്ട് ഒരു ഫലവുമില്ല.

നരേന്ദ്ര മോദി മൗനം വെടിഞ്ഞ ബുധനാഴ്ച തന്നെയാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ മണിപ്പൂര്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാറിനെ വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു ബഞ്ചിന്റെ നിരീക്ഷണം. മണിപ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുകി വിഭാഗത്തില്‍പ്പെട്ട വിചാരണാ തടവുകാരെ അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കവെയായിരുന്നു സുപ്രീം കോടതി ഈ വിമര്‍ശം നടത്തിയത്. കുകി വിഭാഗത്തില്‍പ്പെട്ടയാളെ ജയിലിന് പുറത്തേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതാണ് പ്രധാനമന്ത്രി പറയുന്ന ശാന്തത! ഒരു മനുഷ്യന് വൈദ്യ സഹായം നല്‍കാനാകാത്ത ശാന്തത. മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ലോകം മുഴുക്കെ സഞ്ചരിക്കുന്ന അദ്ദേഹത്തിന് തന്റെ രാജ്യത്തെ ഒരു സംസ്ഥാനത്ത് പോകാന്‍ സമയം കിട്ടാത്തതെന്താണ്? രോഗമറിഞ്ഞ് ചികിത്സിക്കണം. സംസ്ഥാനത്തിന്റെ വീഴ്ചകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കണം. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റിനിര്‍ത്തിയുള്ള സമാധാന ശ്രമങ്ങളാകും ഫലപ്രദമാകുക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ജനസമ്മതി നേടിയ പ്രതിപക്ഷത്തെ കൂടെക്കൂട്ടിയാകണം മുന്നോട്ട് പോകേണ്ടത്.

 

Latest