Connect with us

Editorial

ബിരേന്‍ ഒഴിഞ്ഞ മണിപ്പൂര്‍; ബാക്കിയാകുന്ന ചോദ്യങ്ങള്‍

ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് സമാഹരിക്കുകയെന്ന സംഘ്പരിവാര്‍ രാഷ്ട്രീയം തന്നെയാണ് മണിപ്പൂരിനെ കലാപഭൂമിയാക്കിയത്. ഈ രാഷ്ട്രീയം മാറ്റിവെക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രിയെ മാറ്റിയിട്ടൊന്നും ഫലമില്ല. കുകി, മെയ്‌തെയ് വിഭാഗങ്ങളെയും ഗോത്ര വിഭാഗങ്ങളെയും പക്ഷപാതരഹിതമായി കാണാനാകണം.

Published

|

Last Updated

മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിംഗിന് രാജിവെക്കേണ്ടി വന്നിരിക്കുന്നു. ഇരുപത് മാസത്തിലേറെയായി തുടരുന്ന കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്, ഉന്നത ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിച്ചുള്ള രാജിയൊന്നുമല്ല ഇത്. ഗതികെട്ട ഒഴിഞ്ഞു പോക്കാണ്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ പട വരുന്നത് കണ്ട് ഭയന്നു വിറച്ചുള്ള ഒളിച്ചോട്ടം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തുകയുമായിരുന്നു. ബി ജെ പിയിലെ 12 എം എല്‍ എമാര്‍ രാജിയാവശ്യം ഉന്നയിച്ച് നേതൃത്വത്തെ സമീപിച്ചുവെന്നാണ് റിപോര്‍ട്ട്. സഭയില്‍ നിലവിലെ അംഗബലമനുസരിച്ച് അവിശ്വാസ പ്രമേയം പാസ്സാകാനുള്ള സാധ്യത വിദൂരമായിരുന്നെങ്കിലും നേതൃമാറ്റത്തിനായി ശക്തമായി രംഗത്തുള്ള സ്വന്തം എം എല്‍ എമാര്‍ വിപ്പ് അവഗണിച്ച് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുകയോ ചെയ്താല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം കണക്കുകൂട്ടി. മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടായാല്‍ വലിയ മാനക്കേടായി മാറുമെന്നും അവര്‍ വിലയിരുത്തി. ഇതോടെ രാജിവെച്ചൊഴിയാന്‍ ബിരേന്‍ സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. വല്ലാതെ വൈകിയ ഈ പടിയിറക്കം മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയില്‍ വല്ല ഗുണഫലവും ഉണ്ടാക്കുമോ? ബി ജെ പിയുടെ നിയന്ത്രണത്തില്‍ തന്നെ നിലവില്‍ വരുന്ന ബദല്‍ സംവിധാനം, രാഷ്ട്രപതിഭരണമായാലും പുതിയ മുഖ്യമന്ത്രിയായാലും, ബിരേന്‍ സിംഗ് മന്ത്രിസഭക്ക് സംഭവിച്ച പിഴവുകള്‍ തിരുത്തുമോ? വിഭജന രാഷ്ട്രീയത്തില്‍ നിന്ന് ബി ജെ പി പിന്‍വാങ്ങുമോ? ഈ ചോദ്യങ്ങളാണ് ബിരേന്‍ ഒഴിഞ്ഞ മണിപ്പൂരിനെ മുന്‍നിര്‍ത്തി ചോദിക്കാനുള്ളത്.

സമാനതകളില്ലാത്ത മനുഷ്യക്കുരുതിയും കൊള്ളയും അക്രമവും ആട്ടിയോടിക്കലുമാണ് മണിപ്പൂരില്‍ അരങ്ങേറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവക്ക് നേരെ നിരന്തരം ആക്രമണം നടന്നു. സ്ത്രീകളെ നഗ്‌നരാക്കി വഴിനീളെ നടത്തിച്ചു. ബലാത്സംഗം ചെയ്തു. അഭയാര്‍ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെട്ടു. ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധം അരാജകത്വത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയായിരുന്നു. 250ലേറെ പേര്‍ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേര്‍ ഭവനരഹിതരായി.

കുകി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംശയത്തിന്റെയും ഉരസലുകളുടെയും അന്തരീക്ഷം പെട്ടെന്ന് സമ്പൂര്‍ണ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിന് അടിയന്തര കാരണമായത് 2023 ഏപ്രില്‍ 14ന് മണിപ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു നിര്‍ദേശമാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്നായിരുന്നു ഈ നിര്‍ദേശം. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നുവെച്ചാല്‍ മെയ്തെയ് വിഭാഗത്തെ പ്രീണിപ്പിച്ച് വോട്ട് ബേങ്കാക്കാനുള്ള നീക്കത്തിന്റെ പരിസമാപ്തിയായിരുന്നു കോടതി നിര്‍ദേശം. ഈ സംവരണ നയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്തെയ്കള്‍ കടന്നു കയറുന്നതിന് ഇടയാക്കുമെന്ന് കുകി, നാഗാ വിഭാഗങ്ങള്‍ ഭയന്നു. കുകികളെ നുഴഞ്ഞുകയറ്റക്കാരും വനം കൊള്ളക്കാരുമായി ചിത്രീകരിക്കുന്നതാണ് മറ്റൊരു പ്രശ്നം. വനഭൂമി സര്‍വേ നടത്തുന്നതിന്റെ യഥാര്‍ഥ ലക്ഷ്യം തങ്ങളെ സ്വന്തം ഭൂപ്രദേശത്തില്‍ നിന്ന് കുടിയൊഴിപ്പിക്കലാണെന്ന് കുകി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും അവരെ പ്രകോപിപ്പിച്ചു. കോടതി നിര്‍ദേശത്തിനെതിരെ ആരംഭിച്ച കുകി പ്രക്ഷോഭം അതിവേഗം അക്രമാസക്തമാകുകയും അടുത്ത ക്ഷണം അത് കലാപമായി പരിണമിക്കുകയുമായിരുന്നു.

ഒരു ഘട്ടം പിന്നിട്ടപ്പോള്‍ വംശീയതയില്‍ നിന്ന് വര്‍ഗീയ കലാപം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു. ചര്‍ച്ചുകളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കുകികളില്‍ ഏറിയ പങ്കും ക്രിസ്ത്യാനികളാണ്. സംവരണ വിഷയത്തിലെ കോടതി വിധി മറയാക്കി കലാപം സൃഷ്ടിക്കുകയും അതിന്റെ പഴുതില്‍ ക്രിസ്ത്യന്‍ വേട്ടക്ക് കളമൊരുക്കുകയും ചെയ്യുകയെന്ന തിരക്കഥ എവിടെയോ എഴുതപ്പെട്ടുവെന്ന് വേണം മനസ്സിലാക്കാന്‍. മണിപ്പൂരിലെ സംഘര്‍ഷം ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മെയ്‌തെയ് അക്രമികള്‍ക്ക് ഭരണകക്ഷിയായ ബി ജെ പിയുടെ പിന്തുണയുണ്ടെന്നും മണിപ്പൂര്‍ ട്രൈബല്‍ ഫോറം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മണിപ്പൂര്‍ സംഘര്‍ഷത്തെ അതിരൂക്ഷമാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിഷ്‌ക്രിയത്വമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാകില്ല. കലാപ കലുഷമായ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായതേയില്ല. മന്‍ കി ബാത്തുകള്‍ മൊഴിയുന്ന അദ്ദേഹം മണിപ്പൂരിന് വേണ്ടി ഉപയോഗിച്ച വാക്കുകള്‍ തീര്‍ത്തും വിരളമായിരുന്നു. മെയ്തെയ്കളെ സഹായിക്കാനിറങ്ങിയ ബിരേന്‍ സിംഗ് സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിന് അര്‍ഥവത്തായ ഒരു ശ്രമവും നടത്തിയില്ല. ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമാധാന സമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയുമില്ല. സര്‍ക്കാര്‍ ഒരു പക്ഷത്ത് നില്‍ക്കുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കില്ലല്ലോ.

ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് സമാഹരിക്കുകയെന്ന സംഘ്പരിവാര്‍ രാഷ്ട്രീയം തന്നെയാണ് മണിപ്പൂരിനെ കലാപഭൂമിയാക്കിയത്. ഈ രാഷ്ട്രീയം മാറ്റിവെക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രിയെ മാറ്റിയിട്ടൊന്നും ഫലമില്ല. കുകി, മെയ്തെയ് വിഭാഗങ്ങളെയും ഗോത്ര വിഭാഗങ്ങളെയും പക്ഷപാതരഹിതമായി കാണാനാകണം. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ഒരുമിച്ചിരുന്ന് പരിഹാരമാര്‍ഗം തേടണം. അക്രമി സംഘങ്ങള്‍ കൈക്കലാക്കിയ ആയുധങ്ങള്‍ വീണ്ടെടുക്കണം. ഗിരി മേഖലയിലെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കണം. വിദേശ പര്യടനം കഴിഞ്ഞു വരുന്ന നരേന്ദ്ര മോദി മണിപ്പൂരിലൊന്ന് പോകണം. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറെന്ന് മേനി പറഞ്ഞാല്‍ പോരാ, പ്രശ്നപരിഹാരത്തില്‍ അത് കാണണം. മണിപ്പൂരിലെ മനുഷ്യരെ ഇനിയും കൊലക്ക് കൊടുക്കരുത്.