Kerala
മണിയാര്‍ കരാര്‍ കാര്‍ബോറണ്ടത്തിന്; അഴിമതിയെന്ന് കെ സുധാകരന്‍
ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം | 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബോറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആരോപിച്ചു.
കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. പിണറായി സര്‍ക്കാരിന്റെ അഴിമതികളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
30 വര്‍ഷത്തെ ബി ഒ ടി അടിസ്ഥാനത്തിലുള്ള കരാര്‍ കലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേര്‍ന്ന് നീട്ടിനല്‍കാന്‍ ശ്രമിക്കുന്നത്. 45000 കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ബോര്‍ഡിനും അതിന്റെ ബാധ്യത ഏറ്റുവാങ്ങുന്ന ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
യൂണിറ്റിന് 50 പൈസയ്ക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാവുന്ന നിലയമാണിത്. കരാര്‍ കാലാവധി കഴിഞ്ഞ് കെ എസ് ഇ ബി ഏറ്റെടുത്തിരുന്നെങ്കില്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുമായിരുന്നു. എന്നാല്‍ മുടന്തന്‍ വാദഗതി ഉയര്‍ത്തി ഒരു ചര്‍ച്ചയും നടത്താതെയാണ് മൂവര്‍ സംഘം ഈ കമ്പനിക്ക് തന്നെ വീണ്ടും നല്‍കുന്നത്. കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടിനല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ എതിര്‍പ്പിനെ അവഗണിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് പിന്നില്‍ കോടികളുടെ കോഴയിടപാടാണ്.
കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുമായിരുന്ന കരാര്‍ റദ്ദാക്കി ഉയര്‍ന്ന വിലയക്ക് വൈദ്യുതി വാങ്ങുന്ന കരാര്‍ ഉണ്ടാക്കിയ അഴിമതിയുടെ തുടര്‍ച്ചയാണ് കാര്‍ബോറണ്ടത്തിന് കരാര്‍ കാലാവധി നീട്ടിനല്‍കുന്നതിലും നടന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.