Connect with us

Kerala

മണിയാര്‍ പദ്ധതി കരാര്‍ നീട്ടുന്നത് കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച്: രാജു എബ്രഹാം

കൂടുതല്‍ തൊഴില്‍ സാധ്യതകളും മുതല്‍മുടക്കുമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനി തയാറാകുമെങ്കില്‍ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ നീട്ടി നല്‍കാമെന്ന ധാരണയാണ് ഉണ്ടായത്.

Published

|

Last Updated

പത്തനംതിട്ട | കേരളത്തില്‍ ഏഴ് വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കാമെന്ന കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനി രേഖാമൂലം നല്‍കിയ വാഗ്ദാനം സ്വീകരിച്ചാണ് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടി നല്‍കുന്നതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്തനംതിട്ട പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴില്‍ സാധ്യതകളും മുതല്‍മുടക്കുമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനി തയാറാകുമെങ്കില്‍ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ നീട്ടി നല്‍കാമെന്ന ധാരണയാണ് ഉണ്ടായത്. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന ഇതര സ്വകാര്യ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കേണ്ടതാണ്.

ഗവി ടൂറിസം കൂടുതല്‍ വികസിക്കണം. അവിടെ പരിസ്ഥിതിക്ക് യോജിക്കുന്ന വികസനമാണ് വേണ്ടത്. ജനങ്ങളാല്‍ വെറുക്കപ്പെട്ടവരെ സി പി എമ്മിലേക്ക് എടുക്കാനുദ്ദേശിക്കുന്നില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ തെറ്റുതിരുത്തി വരുന്നവരെ പാര്‍ട്ടി അനുഭാവികളായി സ്വീകരിക്കും. നല്ല മനുഷ്യരാക്കി ഇവരെ മാറ്റിയെടുക്കുകയെന്നത് സി പി എമ്മിന്റെ നയമാണ്. മനുഷ്യസ്നേഹമാണ് മാര്‍ക്സിസവും ലെനിനിസവും പഠിപ്പിക്കുന്നത്. ഗുരുതര കുറ്റം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടി സംരക്ഷണമാകുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാന ചുമതല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി പേര്‍ അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരും. ജില്ലയില്‍ വിജയം നിലനിര്‍ത്തും. വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.

 

Latest