Kerala
മഞ്ഞപ്പടക്ക് ഇനി സ്വീഡിഷ് പരിശീലകന്‍
സ്വീഡനില്‍ നിന്നുള്ള മിക്കേല്‍ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചു.

കൊച്ചി | മഞ്ഞപ്പടക്ക് ഇനി പുതിയ കോച്ച്. സ്വീഡനില്‍ നിന്നുള്ള മിക്കേല്‍ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചു. ഇവാന്‍ വുകോമനോവിചിന്റെ പിന്‍ഗാമിയായാണ് സ്റ്റാറേ എത്തുന്നത്. 17 വര്‍ഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 48കാരനായ സ്റ്റാറേ 2026 വരെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും.
സ്വീഡിഷ് ക്ലബായ വാസ്ബി യുനൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എ ഐ കെയുടെ മുഖ്യ പരിശീലകനായി. എ ഐ കെക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ആള്‍സെവന്‍സ്‌കാന്‍, കപ്പ് മത്സരങ്ങളായ സ്വെന്‍സ്‌ക കപ്പന്‍, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐ എഫ് കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്‌ക കപ്പന്‍ നേടിയതും കരിയറിലെ പ്രധാന നേട്ടങ്ങളാണ്.
നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡന്‍, ചൈന, നോര്‍വേ, അമേരിക്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി എ ഐ കെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബര്‍ഗ്, ഡാലിയന്‍ യിഫാംഗ്, ബികെ ഹാക്കന്‍, സാന്‍ ജോസ് എര്‍ത്ത്‌ക്വേക്ക്‌സ്, സാര്‍പ്‌സ്‌ബോര്‍ഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് പരിശീലിപ്പിച്ചത്.
1990-2005 കാലഘട്ടത്തില്‍ ഗ്രോന്‍ഡല്‍സ്, ഹാമര്‍ബി, എ ഐ കെ ക്ലബുകളുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2004ല്‍ എ ഐ കെ അണ്ടര്‍ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിച്ചു. ഐ എസ് എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകന്‍ കൂടിയായ സ്റ്റാറേ പ്രീസീസണിന്റെ തുടക്കത്തില്‍ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മൈക്കല്‍ സ്റ്റാറേ പറഞ്ഞു. ‘ഏഷ്യയില്‍ കോച്ചിംഗ് കരിയര്‍ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എന്റെ മൂന്നാമത്തെ രാജ്യത്തില്‍ എത്തിച്ചേരുവാനും സാധിച്ചതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇന്ത്യയില്‍ എത്തി എല്ലാവരെയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- സ്റ്റാറേ പ്രതികരിച്ചു.