Kerala
തമിഴ്നാട്ടില്‍ വാഹനാപകടം; മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു
തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി (മൂന്നര) എന്നിവരാണ് മരിച്ചത്.

മഞ്ചേരി | തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി (മൂന്നര) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ ഫാത്വിമ സുഹറ, മകള്‍ ഐസല്‍ മറിയം എന്നിവര്‍ ഉടുമല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്. രാവിലെ പത്തിന് ഏര്‍വാടി സിയാറത്തിന് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടമായി റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറിക്ക് അടിയില്‍ കുടുങ്ങിയ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കിയാണ് പുറത്തെടുത്തത്. സ്വദഖത്തുല്ലയാണ് കാര്‍ ഓടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ സ്വദഖത്തുല്ലയുടെയും ആദിയുടെയും തല ലോറിയുടെ പിന്നിലെ കമ്പിക്കുള്ളില്‍ കുടുങ്ങി. മൃതദേഹങ്ങള്‍ ഉടുമല സര്‍ക്കാര്‍ ആശുപത്രിയില്‍. പിതാവ്: പരേതനായ അബ്ദുല്‍ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങള്‍: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായതുല്ല. മയ്യിത്തുകള്‍ മാളികപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.