Connect with us

manjeswaram election case

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പും

പ്രതികളെല്ലാം ബി ജെ പിക്കാര്‍: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published

|

Last Updated

കാസര്‍കോട് | മഞ്ചേശ്വരം കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം ആറ് പേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ സുരേന്ദ്രനാണ് മുഖ്യപ്രതി. കെ സുരന്ദ്രനെതിരെ കോഴക്കേസുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് പുറമെ പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പും ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പാണിത്. കേസിലെ എല്ലാ പ്രതികളും ബി ജെ പിക്കാരാണ്.

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും പണവും ഫോണും നല്‍കി സ്വാധീനിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികും പ്രതിപട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള കാരണം മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി ജെ പി ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യം തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് രണ്ട ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയതായും സുന്ദര പറഞ്ഞിരുന്നു.

ആദ്യം ബദിയടുക്ക പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.