Kerala
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാം പ്രതികള്‍ക്കും ജാമ്യം
ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്.
കാസര്‍കോട് | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കെ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
ജാമ്യ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളും കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി. .സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.