Kerala
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍
സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട കാസര്‍കോട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട കാസര്‍കോട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്
സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അപരനായി പത്രിക നല്‍കിയ ബിഎസ്പിയിലെ കെ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും നല്‍കി അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
സാക്ഷിയായ സുന്ദരയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് കോടതി കെ സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.