Connect with us

National

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം; കോണ്‍ഗ്രസ്സ്-ബി ജെ പി വാക്‌പോര് രൂക്ഷം

സംസ്‌കാരത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ്സ്-ബി ജെ പി വാക്‌പോര് ശക്തമായത്.

Published

|

Last Updated

ന്യൂഡല്‍ഹി | അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളെ ചൊല്ലി വിവാദം രൂക്ഷം. സംസ്‌കാരത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ്സ്-ബി ജെ പി വാക്‌പോര് ശക്തമായത്.

എന്നാല്‍, കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളോട് കടുത്ത രീതിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി. മുന്‍ പ്രധാന മന്ത്രി പി വി നരസിംഹ റാവുവിന്റെ മൃതദേഹം കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് കയറ്റുന്നത് സോണിയാ ഗാന്ധി വിലക്കിയെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയുടെ പ്രതിരോധം. ഇതിന് മന്‍മോഹന്‍ സിംഗ് സാക്ഷിയായിരുന്നുവെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

കോണ്‍ഗ്രസ്സിനെതിരെ ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയും രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നടന്ന ദിവസം രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നദ്ദ പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ്സ് സോണിയാ ഗാന്ധിയെ സൂപ്പര്‍ പ്രധാനമന്ത്രിയാക്കി, മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മൃതദേഹം എ ഐ സി സി ആസ്ഥാനത്ത് വെക്കാന്‍ പോലും സോണിയഅനുവദിച്ചില്ല, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് നദ്ദ ഉയര്‍ത്തിയത്.