articles
മൻമോഹൻ സിംഗിന്റെ ജീവിത വഴികൾ
സമ്പദ്്വ്യവസ്ഥയും വികസനവും സംബന്ധിച്ച അദ്ദേഹത്തിന്റെ ദീർഘദർശിത്വം രാജ്യത്തെ സാമ്പത്തികമായി ഉയർത്തുന്നതിൽ നിർണായകമായി.
മൻമോഹൻ സിംഗ്, ഇന്ത്യയുടെ 13ാമത് പ്രധാനമന്ത്രിയായി 2004 മുതൽ 2014 വരെ പ്രവർത്തിച്ച മികച്ച സാമ്പത്തിക വിദഗ്ധനും നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവുമാണ്. സമ്പദ്്വ്യവസ്ഥയും വികസനവും സംബന്ധിച്ച അദ്ദേഹത്തിന്റെ ദീർഘദർശിത്വം രാജ്യത്തെ സാമ്പത്തികമായി ഉയർത്തുന്നതിൽ നിർണായകമായി. 1932 സെപ്തംബർ 26ന് ഇന്ന് പാകിസ്ഥാനിന്റെ ഭാഗമായ ഗഹ് എന്ന ഗ്രാമത്തിൽ ജനിച്ചു. വിഭജന കാലത്ത്, കുടുംബം അമൃത്സറിലേക്ക് കുടിയേറി.
പിതാവ് ഗുർമുഖ് സിംഗും മാതാവ് അമൃത് കൗറുമാണ്. ഉണങ്ങിയ പഴങ്ങളുടെ വ്യാപാരമായിരുന്നു പിതാവിന്. മാതാവ് ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. പിന്നീട് മൻമോഹൻ സിംഗിനെ വളർത്തിയത് പിതാവിന്റെ അമ്മയാണ്. ചെറുപ്പത്തിൽ തന്നെ പഠനത്തിൽ അഭിരുചിയുള്ള സിംഗ്, പഞ്ചാബ് സർവകലാശാലയിൽ നിന്ന് 1952ൽ ബിരുദം നേടുകയും 1954ൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം പാസ്സാകുകയും ചെയ്തു. പിന്നീട് ബ്രിട്ടനിലെ കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി ജോലി ചെയ്തു. 1960ൽ ബ്രിട്ടനിലെ ഓക്‌സ്ഫോഡ് സർവകലാശാലയിൽ ഡി ഫിൽ കോഴ്‌സ് ചെയ്തു. അവിടെ അദേഹത്തിന് മികച്ച വിദ്യാർഥിക്കുള്ള ആഡംസ്മിത്ത് പുരസ്‌കാരം ലഭിച്ചു. ഡി ഫിൽ പാസ്സായി തിരിച്ചെത്തി വീണ്ടും പഞ്ചാബ് സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്തു. അതിനിടയിൽ ഗുർശരൺ കൗറിനെ വിവാഹം കഴിച്ചു.
1966ൽ യു എൻ ടി സി ഡി ഇക്കണോമിക്‌സ് ഓഫീസറായി സേവനമനുഷ്ഠിച്ചു. 1969ൽ ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പ്രൊഫസറായി പ്രവർത്തിച്ചു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ 1971ൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. പിന്നീട് അദ്ദേഹം ധനകാര്യമന്ത്രലയത്തിന്റെ ഉപദേഷ്ടാവായി. 1982ൽ ആസൂത്രണ വകുപ്പിന്റെ തലവനായും റിസർവ് ബേങ്ക് ഗവർണറായും നിയമിതനായി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985- 1987 വരെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ചു.
പിന്നീട് ജനീവ ആസ്ഥാനമായ സൗത്ത് കമ്മീഷന്റെ ആദ്യത്തെ സെക്രട്ടറി ജനറലായി. ഇന്ത്യൻ പ്രതിനിധിയായിട്ടായിരുന്നു സേവനം. അതിനുശേഷം 1991ൽ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി. പിന്നീട് യു ജി സി ചെയർമാനുമായി. 1991ൽ തന്നെ പി വി നരസിംഹറാവു മന്ത്രി സഭയിൽ ധനകeര്യ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.
ആ കാലഘട്ടത്തിൽ മൻമോഹൻ സിംഗിന്റെ സംഭാവനകളിൽ ഏറ്റവും ശ്രദ്ധേയമായത് 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. നരസിംഹറാവു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നുകൊണ്ട് ഏറെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടു. വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലൈസൻസ് രാജ് സമ്പ്രദായം ലഘൂകരിക്കുന്നതിനും സിംഗ് പ്രധാന പങ്കുവഹിച്ചു.
ഈ പരിഷ്‌കാരങ്ങൾ രാജ്യത്തെ വിപണിയെ ആഗോളതലത്തിൽ തുറന്ന സമ്പദ്്വ്യവസ്ഥയാക്കി മാറ്റി. 2004ൽ യു പി എ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് നിയമിതനായി. 2005ൽ നടപ്പാക്കപ്പെട്ട മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വലിയൊരു ചുവടായി മാറി.
കയറ്റുമതിയും നിർമാണവ്യവസായവും വളർന്ന ഈ കാലത്ത് ഇന്ത്യ ലോക സമ്പദ്്വ്യവസ്ഥയിൽ പ്രധാന സ്ഥാനം നേടിയെടുത്തു. 2ജി സ്‌പെക്ട്രം അഴിമതി, കോൾ ബ്ലോക്ക് അഴിമതി തുടങ്ങിയവ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശങ്ങൾക്ക് വഴിവെച്ചു. എന്നാൽ അദ്ദേഹം ശുദ്ധമായ വ്യക്തിത്വവും സമർപ്പിത സേവനവുമാണ് തന്റെ ശക്തിയെന്ന് പലതവണ തെളിയിച്ചു.