Connect with us

2G Spectrum

2ജി കേസില്‍ മന്‍മോഹന്‍ സിംഗിന്റെ പേര് സി എ ജി റിപ്പോര്‍ട്ടില്‍ വരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാമര്‍ശം; മാപ്പ് പറഞ്ഞ് വിനോദ് റായ്

2014 ല്‍ വിനോദ് റായ് ഏതാനും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ പേര് പറയാതിരിക്കാന്‍ നിരുപം സമ്മര്‍ദ്ദം ചെലുത്തി എന്ന് പറഞ്ഞത്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറഞ്ഞ് മുന്‍ സി എ ജി വിനോദ് റായ്. 2ജി സ്‌പെക്ട്രം കേസില്‍ സംസ്ഥാന ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ മന്‍മോഹന്‍ സിംഗിന്റെ പേര് പറയാതിരിക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളാണ് സഞ്ജയ് നിരുപം എന്ന പരാമര്‍ശത്തിലാണ് നിരുപം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ വിനോദ് റായ് മാപ്പ് പറഞ്ഞിരിക്കുന്നത്. 2014 ല്‍ വിനോദ് റായ് ഏതാനും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ പേര് പറയാതിരിക്കാന്‍ നിരുപം സമ്മര്‍ദ്ദം ചെലുത്തി എന്ന് പറഞ്ഞത്.

മാധ്യമങ്ങള്‍ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് വിനോദ് റായ് ഡല്‍ഹി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അശ്രദ്ധമായാണ് താന്‍ ഇങ്ങനെ പ്രസ്താവിച്ചതെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്. തന്റെ പ്രസ്താവനകള്‍ നിരുപമിനും കുടുംബത്തിനും ഉണ്ടാക്കിയ വേദനയും വിഷമവും മനസ്സിലാക്കുന്നുവെന്നും അതിനാല്‍ താന്‍ കാരണം ഉണ്ടായ മുറിവുകള്‍ക്ക് നിരുപാധികം മാപ്പ് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും വിനോദ് റായ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Latest