Kuwait
പ്രവാസികളുടെ സാധുതയില്ലാത്ത 10,000 വര്‍ക്ക് പെര്‍മിറ്റുകള്‍ മാന്‍പവര്‍ അതോറിറ്റി റദ്ദാക്കാന്‍ ഒരുങ്ങുന്നു
ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷമായിരിക്കും റദ്ദാക്കല്‍ നടപടികള്‍ നടക്കുക.
കുവൈത്ത് സിറ്റി | കുവൈത്തില്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതും സാധുതയില്ലാത്തതുമായ 10,000ല്‍ അധികം വര്‍ക് പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള പദ്ധതി മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നു. ആഭ്യന്തര മന്ത്രിയുമായി ഡാറ്റയുടെ സാധുത പരിശോധിച്ചതിനു ശേഷം അതോറിറ്റി പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷമായിരിക്കും റദ്ദാക്കല്‍ നടപടികള്‍ നടക്കുക.
വര്‍ക്ക് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ വിശദമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 അടിസ്ഥാനത്തിലാണ് അതോറിറ്റി നടപടി സ്വീകരിക്കുന്നത്.
ആറു മാസത്തിലധികം വിദേശത്താണെങ്കില്‍ അതോറിറ്റിക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വയമേവ റദ്ദാക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. അല്ലെങ്കില്‍ തൊഴിലാളിക്ക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സിയില്‍ നിന്ന് ഇളവ് ലഭിക്കണം. തൊഴിലാളി വിദേശത്തായിരിക്കുമ്പോഴോ ഏതെങ്കിലും കാരണത്താല്‍ അവരെ നാടുകടത്തുമ്പോഴോ പെര്‍മിറ്റ് റദ്ദാക്കാം. മറ്റ് കാരണങ്ങളാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുന്നത് അടുത്ത മാസം മുതല്‍ അതോറിറ്റി പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രേഖകള്‍ ഹാജരാക്കുന്നതിലെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലെ പോരായ്മകള്‍ എന്നിവ പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ ഉതകുന്ന കാരണങ്ങളാണ്. ഇത്തരം പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള തീരുമാനങ്ങള്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കാനാണ് അതോറിറ്റി തീരുമാനം.
കാലാകാലങ്ങളില്‍ ഡാറ്റ അവലോകനങ്ങളും ഓഡിറ്റുകളും നടത്തും. അതുപോലെ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സ് കുവൈത്ത് അക്കൗണ്ടന്‍സ് സൊസൈറ്റി തുടങ്ങിയ അംഗീകൃത പ്രൊഫഷണല്‍ സൊസൈറ്റികളില്‍ നിന്ന് ലഭിച്ച പരിശോധനകളുടെ ഫലങ്ങള്‍ അനുസരിച്ചാവും നടപടി.