Travelogue
മന്തി ഇന്തോനേഷ്യ
ഹാത്യായിൽ നിന്ന് ക്വലാലംപൂർ വഴി സുരബായ ഇന്റർനാഷനൽ എയർപോർട്ടിലെത്തുമ്പോൾ ഏതാണ്ട് രാത്രിയായിട്ടുണ്ട്. അപ്പോഴേക്കും സ്വീകരിക്കാനായി നേരത്തേ ബുക്ക് ചെയ്ത ടാക്സിയുമായി ഡ്രൈവർ എത്തിയിട്ടുണ്ട്. ജക്കാർത്ത കഴിഞ്ഞാൽ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമാണ് സുരബായ. കിഴക്കൻ ജാവയുടെ തലസ്ഥാനം. ഏഷ്യയിലെ പ്രധാന തുറമുഖ പട്ടണങ്ങളിലൊന്ന്. പഞ്ചസാര, പുകയില, കാപ്പി തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്. ഡച്ചുകാർക്കെതിരെ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമെന്ന നിലയിൽ ധീരന്മാരുടെ നഗരമായി വാഴ്ത്തപ്പെടുന്ന പ്രദേശം കൂടിയാണ് സുരബായ.

നാമ പേര്, റൂമ റൂം, തെരിമകാസി നന്ദി, ചിന്ത ഇഷ്ടം, ദി മെന എവിടെ, ആപ ഖബർ എന്താണ് വിശേഷം, സാത്തു ഒന്ന്, ദുവ രണ്ട്, തിക മൂന്ന്… ഇന്തോനേഷ്യൻ ഭാഷാ പ്രയോഗങ്ങളും അവയുടെ അർഥവുമടങ്ങിയ കുറിപ്പ് വായനയിലാണ്. തരീമിലെ ദാറുൽ മുസ്തഫയിൽ ഉപരിപഠനം നടത്തിയ ഒരു ശിഷ്യൻ സഹപാഠികളോട് ചോദിച്ച് തയ്യാറാക്കി അയച്ചു തന്നതാണ്. പ്രാദേശിക ഭാഷ അറിയാത്തതിന്റെ പ്രയാസം തായ്്ലാൻഡിൽ വെച്ച് വേണ്ടുവോളം തിരിച്ചറിഞ്ഞതാണല്ലോ. അത് മറികടക്കാനുള്ള എളിയ ശ്രമം എത്രകണ്ട് വിജയിക്കുമെന്നറിയില്ല. എന്നാലും കുറച്ചു പദങ്ങളെങ്കിലും പഠിച്ചു വെച്ചാൽ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
ഇംഗ്ലീഷ്, ലാറ്റിൻ ലിപികളിലാണ് എഴുതാറെങ്കിലും വായിച്ചാൽ ഒന്നും മനസ്സിലാകാത്ത ഘടനയാണ് ഇന്തോനേഷ്യൻ ഭാഷയുടേത്. സംസാരവും തഥൈവ. ബീച്ച് എന്നത് പോലും ആളുകൾക്ക് അജ്ഞാതമാണ്. അപ്പോൾ പിന്നെ ആംഗ്യത്തോടൊപ്പം കുറച്ച് നാട്ടുഭാഷയും അറിഞ്ഞാൽ ഒരുവിധം മുന്നോട്ട് പോകാമല്ലോ. ബഹാസാ ഇന്തോനേഷ്യയാണ് രാജ്യത്തെ ഔദ്യോഗിക ഭാഷ. മലായ്, അറബി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നിന്ന് കടമെടുത്ത പദങ്ങളുള്ളതിനാൽ പലതും ഓർത്തുവെക്കാൻ എളുപ്പമാണ്. മലയാളത്തിനോട് സാദൃശ്യമുള്ള പല പ്രയോഗങ്ങളും അവയിൽ കാണാം.
ഹാത്യായിൽ നിന്ന് ക്വലാലംപൂർ വഴി സുരബായ ഇന്റർനാഷനൽ എയർപോർട്ടിലെത്തുമ്പോൾ ഏതാണ്ട് രാത്രിയായിട്ടുണ്ട്. അപ്പോഴേക്കും സ്വീകരിക്കാനായി നേരത്തേ ബുക്ക് ചെയ്ത ടാക്സിയുമായി ഡ്രൈവർ എത്തിയിട്ടുണ്ട്. ജക്കാർത്ത കഴിഞ്ഞാൽ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമാണ് സുരബായ. കിഴക്കൻ ജാവയുടെ തലസ്ഥാനം. ഏഷ്യയിലെ പ്രധാന തുറമുഖ പട്ടണങ്ങളിലൊന്ന്. പഞ്ചസാര, പുകയില, കാപ്പി തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്. ഡച്ചുകാർക്കെതിരെ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമെന്ന നിലയിൽ ധീരന്മാരുടെ നഗരമായി വാഴ്ത്തപ്പെടുന്ന പ്രദേശം കൂടിയാണ് സുരബായ.
നഗര ജനസംഖ്യയുടെ എൺപത്തഞ്ച് ശതമാനം മുസ്‌ലിംകളാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പാരമ്പര്യ പണ്ഡിത സംഘടനയായ നഹ്ളതുൽ ഉലമായുടെ രൂപവത്കരണം നടന്നത് ഇവിടെയായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നിലവിൽ വന്ന അതേ വർഷം തന്നെയായിരുന്നു നഹ്ളതുൽ ഉലമായുടെ പിറവിയും. ശാഫിഈ – അശ്അരി മദ്ഹബുകൾ വിഭാവനം ചെയ്യുന്ന ആശയ ആദർശങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളി അൽ അക്ബർ മസ്ജിദ് സ്ഥിതിചെയ്യുന്നത് സുരബായയിലാണ്. അസ്മാഉൽ ഹുസ്നയെ അനുസ്മരിപ്പിക്കുന്ന തൊണ്ണൂറ്റി ഒമ്പത് മീറ്റർ ഉയരമുള്ള മിനാരമാണ് മസ്ജിദിന്റെ പ്രധാന ആകർഷണം. അഞ്ച് വർഷങ്ങൾ കൊണ്ടാണ് പള്ളിയുടെ പണി പൂർത്തിയായത്. ഇന്തോനേഷ്യൻ പ്രസിഡന്റായിരുന്ന അബ്ദുർറഹ്മാൻ വാഹിദാണ് രണ്ടായിരത്തിൽ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഭക്ഷണശാലകൾ നേരത്തേ അടക്കുന്ന പതിവുണ്ട് സുരബായയിൽ. പത്ത് മണി കഴിഞ്ഞാൽ ഭക്ഷണം ലഭിക്കാൻ പ്രയാസമാണ്. ലൊക്കേഷനുകൾ പലതും സെർച്ച് ചെയ്തു. ഇരുപത് മിനുട്ട് സഞ്ചരിക്കണം അടുത്തുള്ള റസ്റ്റോറന്റിലേക്ക്. അവിടെ എത്തിയപ്പോഴേക്കും പൂട്ടിക്കിടപ്പാണ്.
മറ്റൊരിടം പരിശോധിച്ചു. ഓപ്പൺ എന്നാണ് കാണിക്കുന്നത്. നിർഭാഗ്യമെന്ന് പറയാം, അവിടെയും ഭക്ഷണമില്ല. എല്ലാം കഴിഞ്ഞിട്ടുണ്ട്.
മൂന്നാമതൊരു ലൊക്കേഷൻ ലക്ഷ്യമാക്കി പുറപ്പെട്ടു. സീ ഫുഡാണ്.തനി നാടൻ. മധുരവും പുളിയും ചവർപ്പുമുള്ള ചേരുവകൾ ഒഴിവാക്കി പാകം ചെയ്യാൻ ആവശ്യപ്പെട്ടു. ഐസ് കഷ്ണങ്ങളിട്ട ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും വിഭവങ്ങൾ തീൻമേശയിൽ വിഭവങ്ങൾ നിരന്നു. ഒരിനം ഫിഷ് ഫ്രൈഡ് റൈസാണ്. രുചി നോക്കിയപ്പോഴാണ് രസം. നല്ല കൈപ്പ്. മത്സ്യത്തിലെ ഉപ്പിന്റെ വർധിത സാന്നിധ്യമാണ് കാരണം.
കാഴ്ചയിൽ ചോറായതിനാൽ എളുപ്പം കഴിക്കാമെന്ന ചിന്തയും അതോടെ കടലെടുത്തു. നാസി ഗോറങ് എന്നാണ് ഈ ഫ്രൈഡ് റൈസിന്റെ പേര്. നാസി എന്നാൽ ചോറും ഗോറങ് എന്നാൽ വറുത്തതും. ഇതര അരി വിഭവങ്ങൾക്കും നാസി ചേർത്താണ് ഉപയോഗിക്കാറുള്ളത്. നാസി ബിരിയാണി, നാസി ലെമൺ എന്നിവ ഉദാഹരണം.പക്ഷേ, മന്തിയുടെ കാര്യം തെല്ല് വ്യത്യസ്തമാണ്. കുളിക്കുന്നതിനാണ് ബഹാസാ ഇന്തോനേഷ്യനിൽ മന്തി എന്ന് പറയുക.അഥവാ കുഴിമന്തിയല്ല കുളിക്കാനുള്ള സൗകര്യങ്ങളായിരിക്കും ഇവിടെ മന്തി ഓർഡർ ചെയ്താൽ ലഭിക്കുകയെന്ന് മാത്രം!